പറവൂർ : കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയങ്കണത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികുളം കൊച്ചി മെട്രോയിൽ നിന്നും പിൻതള്ളിയ വിഷല്പതമായ ചെളി ഉപയോഗിച്ച് നികത്തി. മാരകമായ രാസവസ്തുക്കൾ വൻതോതിൽ അടങ്ങിയിയട്ടുള്ള മുഴുവൻ ചെളിയും പ്രദേശത്തു നിന്നും നിക്കം ചെയ്യണമെന്നും നാടിന്റെ അനുഗ്രമായി വറ്റാത്ത നീരുറവയായ പുരാതനമായ കുളം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഇടവക സംരക്ഷണ സമിതിയും നാട്ടുകാരും രംഗത്തെത്തി. പള്ളിയുടെ തെക്കുവശത്ത് എൽ.പിസ്കൂളിന് സമീപത്തുള്ള വലിയ കുളമാണ് ഒരാഴ്ചയ്ക്കു മുമ്പ് നികത്തിയത്. ചെറിയ തടാകമെന്നോണം വിസ്തൃതവും പരിസ്ഥിതി സൗഹൃദമായ ഈകുളം എത്ര വേനലിലും വറ്റാത്ത ജലസ്രോതസ്സായിരുന്നു. യൂറോപ്യൻ മിഷനറിമാരുടെ കാലം മുതൽ ഈ കുളം പരിരക്ഷിക്കപ്പെട്ടു പോന്നിരുന്നു. ഇവിടെയാണ് പോളിമർ, ബെന്റോനെെറ്റ് മുതലായ രാസവസ്തുകൾ അടിങ്ങിയ ചെളി ഉപയോഗിച്ച് നികത്തിയത്. ഇത് മറ്റു ജലസ്രോതസ്സിനെ ബാധിക്കും.വിശുദ്ധ ചാവറായച്ചന്റെ തീർത്ഥാടന കേന്ദ്രമായ പള്ളിയിൽ എത്തുന്നവരെയും കുട്ടികളെയുമാണ് കൂടുതൽ ബാധിക്കുക. 1800 കുട്ടികൾ പഠിക്കുന്ന സെന്റ് ഫിലോമിനാസ് സ്കൂൾ, കോൺവെന്റ്, ബി.ടി.എം കോളേജ്, ഇല്ക്ട്രോണിക് വ്യാവസായ യൂണിറ്റ്, ഷോപ്പിംഗ് കോംപ്ളസിലെ സ്ഥാപനങ്ങൾ പള്ളി കോമ്പൗണ്ടിലുള്ളതാണ്. അമ്പത് വർഷം മുമ്പ് പുരാതനമായ പഴയ ദേവാലയം തീപിടിത്തത്തിൽ കത്തിയമർന്നപ്പോൾ രക്ഷാപ്രവർത്തനത്തിനെത്തിയ ആറ് ഫയർഎൻജിനുകൾക്ക് തീയണക്കാൻ യഥേഷ്ടം വെള്ളമെടുത്തത് ഈ കുളത്തിൽ നിന്നാണ്. പരിസ്ഥിതി പ്രവർത്തകരായ ഡോ.സീതാരാമൻ, ടി.എൻ.പ്രതാപൻ, ഏലൂർ ഗോപിനാഥ്, കലാധരൻ മറ്റപ്പിള്ളി എന്നിവർ സ്ഥലം സന്ദർശിച്ചു. നാട്ടുകാർക്ക് എല്ലാ പിൻതുണയും അറിയിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികൾ നടത്തുമെന്നും സംരക്ഷണസമിതി പ്രസിഡന്റ് ഷാജു കുറുപ്പത്ത്, സെക്രട്ടറി മാത്തപ്പൻ കാനപ്പിള്ളി എന്നിവർ പറഞ്ഞു.