പെരുമ്പാവൂർ: തണ്ടേക്കാട് ജമാഅത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ അക്കാഡമിക് ബ്ലോക്കിന്റെയും സോളാർ പ്ലാന്റ്, ഹൈ ടെക് ക്‌ളാസ് മുറികൾ, പ്രവേശന കവാടം, ഹൈമാസ്റ്റ് വിളക്ക് എന്നീ നവീന പദ്ധതികളുടെ സമർപ്പണവും തിങ്കളാഴ്ച രാവിലെ പത്തിന് നടക്കും.
അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. നവീന പദ്ധതികൾ യഥാക്രമം ബെന്നി ബഹനാൻ എം. പി. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം. എൽ. എ., വാഴക്കുളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചർ, വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജികുമാർ എന്നിവർ സമർപ്പിക്കും.
പൊതുസമ്മേളനത്തിൽ മാനേജർ എം.എം.അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിക്കും. മഹല്ല് ജമാഅത്ത് പ്രസിഡണ്ട് കെ. ഐ.അബൂബക്കർ ഉപഹാര സമർപ്പണം നടത്തും. കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ജമാഅത്ത് ഹയർസെക്കൻഡറി സ്‌കൂൾ സാമൂഹ്യ പരിഷ്‌കർത്താവായിരുന്ന മജീദ് മരയ്ക്കാരാണ് 1964 ൽസ്ഥാപിച്ചത്. പാഠ്യ- പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന സ്‌കൂളിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പത്രസമ്മേളനത്തിൽ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത വ്യക്തമാക്കി. എം. എം. അബ്ദുൽ ലത്തീഫ്, കെ. എച്ച്.നിസ മോൾ, വി. പി. അബുബക്കർ, ഷാഹുൽ ഹമീദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.