പെരുമ്പാവൂർ: പൊലീസ് വാഹനം തങ്ങളുടെ കോമ്പൗണ്ടിലേക്ക് കടന്നുവരുന്നതുകണ്ടപ്പോൾ മണ്ണൂർ ആർദ്രതാ ബാലഭവനിലെ കുട്ടികൾ ആദ്യമൊന്നു പകച്ചു. പൊലീസുകാർ കൈനിറയെ സമ്മാനങ്ങളുമായി തങ്ങളെ കാണാനെത്തിയതാണെന്ന് മനസിലാക്കിയതോടെ കുട്ടികളുടെ ആശങ്ക അകന്നു. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സാന്ത്വനമായ് ഒരു സായാഹ്നം എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഉദ്യോഗസ്ഥർ ആർദ്രതാ ബാലഭവനിൽ എത്തിയത്. ഒന്നു മുതൽ പ്ലസ്ടു വരെ പഠിക്കുന്ന മുപ്പതോളം കുട്ടികളുണ്ടിവിടെ.
കളിയും ചിരിയും തമാശയും പാട്ടും നൃത്തവും ഒക്കെയായി രാവോളം പരിപാടികൾ നീണ്ടു. പൊലീസ് ഉദ്യോഗസ്ഥർ കൊണ്ടുവന്ന കാരംസ്, ചെസ് ബോർഡുകളും പന്തുകളും മറ്റും കുട്ടികൾക്ക് കൈമാറിയപ്പോൾ അവർക്ക് വല്ലാത്ത സന്തോഷം. ഉദ്യോഗസ്ഥരെ ആർദ്രത ബാലഭവനിലെ ബിജു ജോർജ് സ്വീകരിച്ചു. കുന്നത്തുനാട് സി.ഐ വി.ടി. ഷാജൻ, പെരുമ്പാവൂർ സി.ഐ പി.എ. ഫൈസൽ, ഓഫീസേഴ്‌സ് അസോസിയേഷൻ റൂറൽ ജില്ലാ സെക്രട്ടറി ജെ. ഷാജിമോൻ, സ്വാഗതസംഘം ജനറൽ കൺവീനർ ബെന്നി കുര്യാക്കോസ്, ചെയർമാൻ കെ.ജി. ജയകുമാരൻ നായർ, ടി.എസ്. ഇന്ദുചൂഡൻ, എം.എസ്. സുരേഷ്, എം.വി. ജയപ്രകാശ് തുടങ്ങിയവരാണ് ബാലഭവനിലെത്തിയത്.