police
പൊലീസ് കാവലിൽ മൃതദേഹം സംസ്ക്കാരത്തിനായി പള്ളിയിലേയ്ക്ക് കൊണ്ടു പോകുന്നു

കോലഞ്ചേരി:സഭാ തർക്കത്തിൽ ഉൾപ്പെട്ട വരിക്കോലി പള്ളിയിൽ ഇരു വിഭാഗവുമായുണ്ടായ തർക്കത്തിനൊടുവിൽ യാക്കോബായ വിഭാഗാംഗമായ ചേന്നോത്ത് സി.പി എബ്രഹാമിന്റെ (80) സംസ്ക്കാരം പൊലീസ് ഇടപെട്ട് നടത്തി.

ബന്ധുക്കൾ ഉൾപ്പെട്ട ഇരുപതംഗ സംഘത്തിനെ സെമിത്തേരിയിൽ കയറാൻ പൊലീസ് അനുവദിച്ചു. സംസ്ക്കാര ശുശ്രൂഷകൾ യാക്കോബായ ചാപ്പലിൽ നടത്തി.

കഴിഞ്ഞ ദിവസം സുപ്രീം കോടതി വരിക്കോലി പള്ളിക്കേസ് പരിഗണിക്കുന്നതിനിടെ സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതേ തുടർന്ന് സമാന്തര സംവിധാനം പാടില്ലെന്ന വിധി ന്യായം ഉന്നയിച്ച് ഓർത്തഡോക്സ് പക്ഷം നിലപാട് കടുപ്പിച്ചു. പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യേണ്ട മൃതദേഹത്തിന്റെ സംസ്ക്കാര ശുശ്രൂഷ നടത്താൻ തനിക്കാണ് അധികാരമെന്ന് ഓർത്തഡോക്സ് വികാരി അറിയിച്ചതോടെ ബുധനാഴ്ച നടത്താനിരുന്ന സംസ്ക്കാര ചട‌ങ്ങുകൾ ഇന്നലത്തേക്ക് മാറ്റി. ഇരു വിഭാഗവുമായി എസ്.പി അടക്കം ഉന്നത ഉദ്യോഗസ്ഥരും, ആർ.ഡി. ഒ യും ചർച്ച നടത്തിയെങ്കിലും വിട്ടു വീഴ്ചയ്ക്ക് ഇരു വിഭാഗവും തയ്യാറായില്ല.

ഒടുവിൽ പൊലീസും , ആർ.ഡി ഒയും ഇടപെട്ടാണ് സംസ്ക്കാരത്തിന് സൗകര്യമൊരുക്കിയത്. ആലുവ റൂറൽ എസ്. പി കെ.കാർത്തിക്, ഡിവൈ.എസ്.പി മാരായ കെ.അനിൽ കുമാർ, കെ.ബിജുമോൻ,സി.ഐ സാജൻ സേവ്യർ എന്നിവരുടെ നേതൃത്വത്തിൽ മുന്നൂറോളം വരുന്ന പൊലീസ് സംഘവുമാണ് സ്ഥിതി ഗതികൾ നിയന്ത്രിച്ചത്.