കൊച്ചി: മാർക്സിസ്റ്റ് പാർട്ടിയുടെ ചക്കളത്തി പോരാട്ടത്തിന്റെ ബലിയാടാണ് ആന്തൂരിൽ ആത്മഹത്യ ചെയ്യേണ്ടി വന്ന സാജൻ പാറയിലെന്നും അക്രമം മുഖമുദ്രയാക്കിയ സി.പി.എം യാദവകുലം പോലെ തമ്മിലടിച്ചു നശിക്കുമെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി പറഞ്ഞു. ആന്തൂർ മുനിസിപ്പൽ ചെയർപേഴ്സൺ ശ്യാമളക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ. ബാബു, ജോസഫ് വാഴയ്‌ക്കൻ, കെ.പി. ധനപാലൻ, ഡൊമിനിക്ക് പ്രസന്റേഷൻ, എൻ വേണുഗോപാൽ, അജയ് തറയിൽ, എം.എൽ.എമാരായ പി.ടി. തോമസ്, അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.