ആലുവ: കേരളത്തിൽ സർക്കാർ നിയന്ത്രണത്തിൽ ഗുണ്ടാരാജ് നടക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും, സ്വന്തം കുഞ്ഞിനെയും ഭാര്യയെയും തള്ളിപ്പറയുന്നവരെ സംരക്ഷിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തൽസ്ഥാനം രാജിവെയ്ക്കണമെന്ന് ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്തുകളുടെ അധികാരം പരിമിതപ്പെടുത്താനുള്ള നടപടികൾക്കെതിരെ ജൂലായ് 15ന് എല്ലാ മണ്ഡലത്തിലും പ്രതിഷേധ പരിപാടി നടത്താനും ബ്ലോക്ക് കമ്മിറ്റിയിൽ തീരുമാനിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോപ്പിൽ അബു അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് പ്രമേയം അവതരിപ്പിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ജെബി മേത്തർ, യൂത്ത് കോൺഗ്രസ് ചാലക്കുടി ലോകസഭ പ്രസിഡന്റ് അഡ്വ പി.ബി സുനീർ, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പുഴിത്തറ, ബാബു പുത്തനങ്ങാടി, മുഹമ്മദ് ഷെഫീക്ക് എന്നിവർ പ്രസംഗിച്ചു.