# ഇന്നലെ കവർന്നത് പെൺകുട്ടിയുടെ ജീവൻ
# അപകടങ്ങൾ തുടർക്കഥ
മൂവാറ്റുപുഴ : നഗരത്തിലെ റോഡിലൂടെ സഞ്ചരിക്കാൻ കാൽനടക്കാരും ഇരുചക്രവാഹനയാത്രക്കാരും ഓട്ടോക്കാരും ഭയക്കുകയാണ്. ജീവനോടെ വീട്ടിൽമടങ്ങിയെത്തുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥയാണ്. കാൽനടക്കാരുടെ കാര്യം പറയാനുമില്ല. റോഡ് മറികടക്കേണ്ടവരുടെ പ്രത്യേകിച്ച് വയോജനങ്ങളുടെ കാര്യവും ഏറെ കഷ്ടമാണ്. നിയമങ്ങൾ കാറ്റിൽപ്പറത്തി ടിപ്പറുകളും ടോറസുകളും ഏതുസമയത്തും തലങ്ങും വിലങ്ങും ചീറിപ്പായുകയാണ്.
# നിത്യേന അപകടം
ടോറസ് , ടിപ്പർ ലോറികൾ അപകടമുണ്ടാക്കാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. സ്കൂൾ സമയങ്ങളിൽ രാവിലെയും വൈകിട്ടും ടോറസ് ലോറികൾ പോലെയുള്ള ഭാരവണ്ടികൾ നഗരത്തിൽ പ്രവേശിക്കരുതെന്ന് നിർദേശമുണ്ടെങ്കിലും ഇതാരും വകവയ്ക്കുന്നില്ല. ഇന്നലെ രാവിലെ ഒമ്പതോടെ വെള്ളൂർക്കുന്നത്ത് ടോറസ് ലോറി ഇടിച്ച് പ്ലസ്ടു വിദ്യാർത്ഥിനിക്കുണ്ടായ ദാരുണാന്ത്യമാണ് അവസാന സംഭവം. അയൽവാസിയുടെ സ്കൂട്ടറിനു പിന്നിലിരുന്ന് സ്കൂളിലേയ്ക്കു വരുന്നതിനിടെയാണ് ടിപ്പർ ലോറിയിടിച്ച് വീഴ്ത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.30ഓടെ രണ്ടാർ ബിഎഡ് കോളജിനു സമീപം ടവർ ജംഗ്ഷനിൽ കരിങ്കൽകയറ്റുവാൻ പോയ ടോറസ് ലോറി വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്തിരുന്നു. വിദ്യാർത്ഥികളടക്കം നിരവധിപേർ നടന്നു പോകുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുത പോസ്റ്റ് തകർന്ന് വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാൽ അന്ന് വൻ ദുരന്തമൊഴിവാകുകയായിരുന്നു.
# ഡ്രൈവർമാർക്ക് ബോധവത്കരണം വേണം. അപകടം സൃഷ്ടിക്കുന്നവരെ ഒഴിവാക്കണം. പൊലീസ് കർശനമായി ഇടപെടണം. റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം.