syro-malabar-sabha
syro malabar sabha

കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദങ്ങൾ സമവായത്തിലൂടെ പരിഹരിക്കാനും ഭരണം സുഗമമാക്കാനും സീറോ മലബാർ സഭയുടെ സ്ഥിരം സിനഡ് നടപടി ആരംഭിച്ചു. ഒരു വിഭാഗം വൈദികർ ഉന്നയിച്ച വിഷയങ്ങളിൽ ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടാണ് യോഗത്തിൽ ഉയർന്നതെന്നാണ് ലഭ്യമായ വിവരം.

മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ അദ്ധ്യക്ഷതയിലാണ് സ്ഥിരം സിനഡ് ചേർന്നത്. സ്ഥലമിടപാട്, വ്യാജരേഖ എന്നിവയുമായി ബന്ധപ്പെട്ട് അതിരൂപതയിലെ വൈദികർ ഉയർത്തിയ ആവശ്യങ്ങൾ സിനഡ് വിശദമായി ചർച്ച ചെയ്തു. വൈദികർ നടത്തിയ യോഗം അനുചിതമാണെന്നും വിലയിരുത്തിയതായാണ് സൂചനകൾ. വൈദികർക്കെതിരെ തിരക്കിട്ട് നടപടി സ്വീകരിക്കേണ്ടെന്നാണ് അഭിപ്രായം ഉയർന്നത്. തീരുമാനങ്ങൾ വെളിപ്പെടുത്താൻ സിനഡ് വൃത്തങ്ങൾ തയ്യാറായില്ല.

ബിഷപ്പുമാരായ ജോർജ് ഞരളക്കാട് (തലശേരി), മാത്യു മൂലക്കാട്ട് (കോട്ടയം), ആൻഡ്രൂസ് താഴത്ത് (തൃശൂർ) എന്നിവരും വത്തിക്കാൻ സന്ദർശിക്കുന്ന ജേക്കബ് മനത്തോടത്തിന്റെ പ്രതിനിധിയായി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടും സിനഡിൽ പങ്കെടുത്തു. കാക്കനാട്ട് സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ഉച്ചയ്ക്ക് രണ്ടിനാരംഭിച്ച യോഗം വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്.

ഭരണത്തിന് കർശന നിർദ്ദേശങ്ങൾ

എറണാകുളം അങ്കമാലി അതിരൂപതയിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരി പുതുതായി നിയമിച്ച വികാരി ജനറൽ ഫാ. ജോസ് പുതിയേടത്ത്, ചാൻസലർ ജോസ് പൊള്ളയിൽ എന്നിവരെ സ്ഥിരം സിനഡ് വിളിച്ചുവരുത്തി നിർദ്ദേശങ്ങൾ നൽകി. സിനഡുമായി ആലോചിച്ച് അതിരൂപതയുടെ ഭരണപരമായ കാര്യങ്ങൾ നിർവഹിക്കണമെന്ന് കർദ്ദിനാളിന് വത്തിക്കാൻ നിർദ്ദേശം നൽകിയിരുന്നു. അതിരൂപതയുടെ ദൈനംദിന പ്രവർത്തനങ്ങൾ, സമ്പത്തിക ഇടപാടുകൾ തുടങ്ങിയവ സൂക്ഷ്‌മമായും സഭാനിയമങ്ങൾ പാലിച്ചും നടത്തണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.