മുവാറ്റുപുഴ: ടിപ്പർ , ടോറസ് ലോറികളുടെ മരണപ്പാച്ചിൽമൂലം പുല്ലുവഴി ,കീഴില്ലം മണ്ണൂർ ഭാഗങ്ങളിൽ വാഹനാപകടങ്ങൾ പതിവായി. അപകടങ്ങൾക്ക് പിന്നിലുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് പിന്നിൽ വമ്പൻ മാഫിയകളുടെ പിൻബലമാണെന്ന് സാമൂഹ്യ പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾആരോപിച്ചു എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി കൂറ്റൻ പാറമടകൾ ആണ് മൂവാറ്റുപുഴ, മാറാടി ,കൂത്താട്ടുകുളം, പായിപ്ര ഭാഗങ്ങളിൽ പ്രവർത്തിക്കുന്നത് . മാറാടി മൈലാടുംപാറ യിൽ നിന്നു മാത്രം 250 ലേറെ ടോറസ് അടക്കമുള്ള വാഹനങ്ങളാണ് തലങ്ങും വിലങ്ങും അവധികളില്ലാതെ ഓടുന്നത് . കോടതി ഉത്തരവുകളോ പരാതികളോ ഇവർക്ക് ബാധകമല്ല. രാവും പകലുമായുള്ള ഓട്ടങ്ങൾക്ക് ഹാൻസ് തമ്പാക്ക് അടക്കം പലവിധ ലഹരികൾ ഡ്രൈവർമാർ ഉപയോഗിക്കുന്നു . റവന്യൂ, പൊലീസ് , ജിയോളജി, പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ ഒത്തുകളികളാണ് റോഡിൽ മനുഷ്യജീവനുകൾ പൊലിയുന്നതിനിടയാക്കുന്നതെന്ന് ആരോപണമുണ്ട്.ടിപ്പർ, ടോറസ്, ജെ സി ബി വാഹനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് പരിസ്ഥിതി പ്രവർത്തകരായ പ്രൊഫ. സീതാരാമൻ, അസീസ് കുന്നപ്പള്ളി ,വി .ടി. പ്രതാപൻ എന്നിവർ ആവശ്യപ്പെട്ടു.