പാമ്പാക്കുട: പഞ്ചായത്തിലെ അഞ്ചൽപ്പെട്ടിയിലും ഓണക്കൂറിലുമുള്ള മാവേലി സ്റ്റോറുകളിലും പാമ്പാക്കുടയിലെ സൂപ്പർ മാർക്കറ്റിലും നിത്യോപയോഗ സാധനങ്ങൾ എത്തിക്കാത്തതിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ സി.പി.എം അംഗങ്ങൾ മൂവാറ്റുപുഴ ഡിപ്പോ മാനേജരെ ഉപരോധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുഷമ മാധവന്റെ നേതൃത്വത്തിൽ സി.ബി. രാജീവ്, സുമ ഗോപി , അമ്മിണി ജോർജ്, സിജി തോമസ്, റീജാമോൾ ജോബി എന്നിവർ ഇന്നലെ രാവിലെ ഒമ്പതരയോടെ ആദ്യം ഡിപ്പോ കവാടത്തിലും തുടർന്ന് ഡിപ്പോ മാനേജരുടെ കാബിനിലും കുത്തിയിരുന്നു. അരി ഉൾപ്പെടെയുള്ള പലവ്യഞ്ജന സാധനങ്ങൾ എപ്പോൾ എത്തിക്കും എന്ന് ഉറപ്പുനൽകാതെ പിൻമാറില്ലെന്ന നിലപാടിലായിരുന്നു അവർ.
പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഡിപ്പോ മാനേജർ ഹനീഫ റീജണൽ മാനേജരുമായി ഫോണിൽ ബന്ധപ്പെട്ടു.. 15ന് മുമ്പ് മുഴുവൻ പലചരക്ക് സാധനങ്ങളും എത്തിക്കുമെന്ന് എ.ഡി..എം ഉറപ്പു നൽകിയതിനെതുടർന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ഉപരോധം അവസാനിപ്പിച്ചു.