world-cup

അടിച്ച് പറത്തിയും എറിഞ്ഞ് വീഴ്ത്തിയും ഇംഗ്ളണ്ട് ലോകകപ്പിലെ പ്രാഥമിക റൗണ്ടിൽ ക്രിക്കറ്റ് പ്രേമികളുടെ മനം കവർന്നവർ ഏറെയുണ്ട്. ലണ്ടനിലെ കളിക്കളങ്ങളെ വണ്ടറാക്കിയ പത്ത് മിന്നും താരങ്ങൾ ഇതാ..

ഷാക്കിബ് അൽ ഹസൻ

shakib

ഒരു ലോകകപ്പ് എഡിഷനിൽ 600 റൺസും 10 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കാഡ് ചരിത്രത്തിൽ രേഖപ്പെടുത്തിയാണ് ബംഗ്ളാദേശ് താരം ഷാക്കിബ് ഇംഗ്ലണ്ടിൽ നിന്ന് മടങ്ങുന്നത്. 600 റൺസ് പിന്നിടുന്ന മൂന്നാമത്തെയാളാണ് ഷാക്കിബ്. സച്ചിൻ ടെൻഡുൽക്കറും മാത്യു ഹെയ്ഡനുമാണ് ഷാക്കിബിന് മുന്നിലുള്ളത്.

രോഹിത് ശർമ്മ

rohith

നാല് സെഞ്ച്വറിയടിച്ച് തിളങ്ങി നിൽക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ്മ. ഇതിനകം തന്നെ ലോകകപ്പിലെ സെഞ്ച്വറി കണക്കിൽ ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയുടെ റെക്കാഡിന് ഒപ്പമെത്തി താരം. മിന്നും ഫോമിലുള്ള രോഹിത്, സംഗക്കാരയുടെ റെക്കാഡ് ഈ ടൂർണമെന്റിൽതന്നെ മറികടക്കുമെന്നാണ് മുൻതാരങ്ങളുടെ പ്രവചനം.

ഡേവിഡ് വാർണർ

wr

വിവാദ ചുഴിയിൽ നിന്ന് തിരിച്ചെത്തിയ ഡേവിഡ് വാർണർ ഇപ്പോൾ ഓസീസ് ടീമിന്റെ നെടുംതൂണാണ്. കരിയറിലെ 16ാം സെഞ്ച്വറി തികച്ച താരം ഇംഗ്ലണ്ട് ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്‌കോറിന്റെ ഉടമ കൂടിയാണ്. 147പന്തിൽ 166റൺസ്.

ആരോൺ ഫിഞ്ച്

fn

ഒന്നാം സ്ഥാനക്കാരായ ഓസീസിന്റെ കരുത്ത് ക്യാപ്ടൻ ആരോൺ ഫിഞ്ചാണ്. രണ്ട് സെഞ്ച്വറിയുമായി മികച്ച ഫോമിലാണ് താരം. ഇംഗ്ലണ്ട് ലോകകപ്പിലെ രണ്ടാമത്തെ ഉയർന്ന റൺസ് ഫിഞ്ചിന്റെ പേരിലാണ്. 153 റൺസ്. ശ്രീലങ്കയ്‌ക്കെതിരെയാണ് ഫിഞ്ച് നിറഞ്ഞാടിയത്.

ജോ റൂട്ട്

root

ഓപ്പണിംഗ് സഖ്യം വീണാലും കരുതലോടെ കളിച്ച് ഇംഗ്ലണ്ട് ടീമിനെ ലക്ഷ്യത്തിലേക്ക് റൂട്ട് തെറ്റാതെ കൈപിടിച്ച് നടത്തുന്ന താരം. സ്വന്തം നാട്ടിൽ വിരുന്നെത്തിയ ലോകകപ്പിലും ജോ ടീമിനായി മികച്ച പ്രകടമാണ് പുറത്തെടുത്തത്. രണ്ട് സെഞ്ച്വറി തിളക്കത്തിൽ നിൽക്കുന്ന താരം റൺവേട്ടക്കാരിൽ അഞ്ചാം സ്ഥാനത്താണ്.

മിച്ചൽ സ്റ്റാർക്ക്

sk

ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ് ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക്. ഒമ്പത് മത്സരങ്ങളിൽ നിന്ന് താരം കൊയ്തത് 24 വിക്കറ്റ്. രണ്ട് വട്ടം അഞ്ച് വിക്കറ്റ് വീഴ്ത്തി അത്ഭുതപ്പെടുത്തുകയും ചെയ്തു. സെമിയിൽ ഓസീസ് പ്രതീക്ഷ അർപ്പിക്കുന്ന താരങ്ങളിൽ മുൻപന്തിയിലാണ് ഈ വലംകൈയൻ പേസർ.

മുസ്തഫിസുർ റഹ്മാൻ

mustafizur-rahman

ഇംഗ്ലണ്ട് ലോകപ്പിൽ വിസ്മയം തീർത്ത പേസർമാരിൽ ഒരാളാണ് ബംഗ്ലാദേശിന്റെ മുസ്തഫിസുർ റഹ്മാൻ. രണ്ട് തവണയാണ് താരം അഞ്ച് വിക്കറ്റ് നേട്ടം കൈപ്പിടിയിൽ ഒതുക്കിയത്. ലോകകപ്പിൽ 20വിക്കറ്റ് നേട്ടത്തോടെ രണ്ടാം സ്ഥാനത്താണ് താരം. ഏകദിനത്തിൽ വേഗതയിൽ 100 വിക്കറ്റ് തികച്ച താരങ്ങളിൽ നാലാമനാണ് മുസ്തഫിസുർ റഹ്മാൻ.

ജോഫ്രേ ആർച്ചർ

ar

ഇംഗ്ലണ്ടിന്റെ വജ്രായുധം പേസ് ബൗളർ ജോഫ്രേ ആർച്ചറാണ്. 17 വിക്കറ്റാണ് ഇതുവരെ വീഴ്ത്തിയത്. അപകടകാരിയായ ആർച്ചർ മിന്നും ഫോമിലാണ്. വെസ്റ്റ് ഇൻഡീസിൽ ജനിച്ച ജോഫ്രേ ആർച്ചർ എല്ലാ കടമ്പകളും പിന്നിട്ട് ലോകകപ്പിന് തൊട്ടുമുമ്പാണ് ബ്രിട്ടീഷ് പൗരത്വം നേടിയത്.

ലോക്കി ഫെർഗൂസൺ

fg

ലോകകപ്പിൽ കിവികളുടെ തുറപ്പ് ചീട്ടാണ് ഇരുപത്തെട്ടുകാരനായ ലോക്കി ഫെർഗൂസൺ. കന്നി ലോകകപ്പിൽ ന്യൂസിലാൻഡിന് വേണ്ടി 17 വിക്കറ്റാണ് വലംകൈയൻ പേസർ വീഴ്ത്തിയത്. മികച്ച വിക്കറ്റ് വേട്ടക്കാരിൽ ആർച്ചറിനും അമീറിനും ഒപ്പം മൂന്നാം സ്ഥാനത്താണ്.

മുഹമ്മദ് ആമീർ

mr

പാകിസ്ഥാന്റെ മിന്നൽ ഏറുകാരനായ മുഹമ്മദ് ആമീറും ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വച്ചാണ് മടങ്ങിയത്. ഓസ്‌ട്രേലിയയുമായുള്ള കളിയിൽ പാകിസ്ഥാൻ വീണുപോയെങ്കിലും ആമീറിന്റെ ബൗളിംഗ് പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റി. അഞ്ച് വിക്കറ്റാണ് അമീർ വീഴ്ത്തിയത്. ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ആമീർ.