കാലടി: അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രങ്ങളായ ശൃംഗേരി മഠത്തിലേക്കും, മലയാറ്റൂർ സെന്റ് തോമസ് പള്ളിയിലേക്കുമുള്ള പി.ഡബ്ല്യു.ഡി.റോഡ് കുണ്ടും കുഴിയുമായി തകർന്ന് കിടക്കുന്നു. ബിഎം ബിസി നിലവാരത്തിൽ പണിത റോഡിൽ കാനകൾ തീർക്കാത്തത് മൂലം രൂക്ഷമായ വെള്ളക്കെട്ടാണ് പലയിടത്തും .എല്ലാ വർഷക്കാലങ്ങളിലും ഉണ്ടാകുന്ന ഈ ദുരിതക്കയം പരിഹരിക്കാൻ പി.ഡബ്ല്യുഡി അധികൃതർ മെനക്കെടുന്നില്ല. ഇത്തരത്തിലുള്ള വെള്ളക്കെട്ട് കാലടി - മലയാറ്റൂർ റോഡിൽ നിരവധിയാണ്. മഴയത്ത് വന്ന് ചേരുന്ന വെള്ളക്കെട്ട് റോഡരികിലെ റേഷൻ ഡിപ്പോ ഗോഡൗണിലേക്കും, പരിസരത്തെ വീടുകളിലേക്കുമാണ് ചെല്ലുന്നത്. പഴയ കാലത്ത് ഇവിടെ രൂപപ്പെടുന്ന വെള്ളം ഒഴുകി പാടശേഖരങ്ങളിലേക്ക് പോകുമായിരുന്നു.എന്നാൽ കൈതോടുകൾ മണ്ണിട്ട് നികത്തിയതോടെ വെള്ളം റോഡിൽ കെട്ടിക്കിടക്കാൻ തുടങ്ങി. കെട്ടിക്കിടക്കുന്ന ഇടങ്ങളിൽ വൻകുഴികളും രൂപപ്പെട്ടു.റോഡരികിലെ കാനകൾ വൃത്തിയാക്കാത്തത് മൂലം ഇവിടേക്കും മഴവെള്ളം പോകുന്നില്ല.സൈക്കിളിലോ കാൽനടയോ പറ്റാത്ത സാഹചര്യമായി.കാലടി ടൗൺ മുതൽ മലയാറ്റൂർ വരെ റോഡിന്റെ വീതി കൂട്ടി കാനകൾ തീർത്ത് സുരക്ഷിതമാക്കണമെന്ന് കോടതി ഉത്തരവ് ഉള്ളപ്പോഴാണ് ജനങ്ങൾക്ക് ഈ ദുർവിധി. നൂറ് കണക്കിന് വാഹനങ്ങളും ടോറസ് ടിപ്പർ ലോറികളും യഥേഷ്ടം സഞ്ചരിക്കുന്ന ഒരു പ്രധാന റൂട്ടാണിത്. വെള്ളളക്കെട്ടിന് പുറമേയാണ് നാട്ടുകാരുടെ മാലിന്യ നിക്ഷേപം. മാലിന്യം റോഡിൽ കിടന്ന് വെള്ളത്തോടൊപ്പം ഒഴുകുന്നതും പകർച്ചവ്യാധികൾക്ക് കാരണമാകുമെന്ന് നാട്ടുകാർ പറഞ്ഞു. മഴക്കാല പൂർവ ശുചീകരണ പ്രവർത്തകർ ഈ ഭാഗത്തേക്കു തിരിഞ്ഞ് നോക്കിയിട്ടില്ല.