ആലുവ: ആലുവ നഗരസഭയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ അടിയന്തര കൗൺസിൽ യോഗം ചേരണമെന്ന ആവശ്യവുമായി പ്രതിപക്ഷത്തെ ഒമ്പത് കൗൺസിലർമാർ സെക്രട്ടറി അരുൺ രംഗന് നോട്ടീസ് നൽകി. ഇതോടൊപ്പം ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ കൂടിയായ വൈസ് ചെയർപേഴ്സന്റെ രാജിയും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങളുടെ നിർദ്ദേശപ്രകാരമാണ് വിഷയം കൗൺസിലിന്റെ പരിഗണനയിലേക്ക് വരുന്നത്. കഴിഞ്ഞ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും ബദൽ സംവിധാനം ഒരുക്കണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. നികുതിയും, കുടിശ്ശികയും പിരിച്ചെടുക്കുന്നത്തിനു സ്‌ക്വാഡ് രൂപീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വൈസ് ചെയർപേഴ്‌സന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല.
ഭൂരിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും വൈസ് ചെയർപേഴ്‌സൺ മിനിറ്റ്സിൽ ഒപ്പിട്ടില്ല. ഈ സാഹചര്യത്തിലാണ് അടിയന്തര കൗൺസിൽ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങളായ രാജീവ് സക്കറിയ, മനോജ് ജി. കൃഷ്ണൻ, ലോലിത ശിവദാസൻ, ഓമന ഹരി, മിനിബൈജു, സാജിത സഹീർ, ഷൈജി രാമചന്ദ്രൻ, പി.സി. ആന്റണി, ശ്യാം പത്മനാഭൻ എന്നിവർ നഗരസഭ സെക്രട്ടറിക്ക് നോട്ടീസ് നൽകിയത്. നോട്ടീസ് കിട്ടി 10 പ്രവൃത്തി ദിവസങ്ങൾക്കകം കൗൺസിൽ യോഗം വിളിക്കണമെന്നാണ് മുൻസിപ്പൽ ചട്ടം.
# ശമ്പളവും പെൻഷനും മുടങ്ങി
ജീവനക്കാർക്ക് ഒന്നാം തീയതി നൽകേണ്ട ശമ്പളം ഇതുവരെ നൽകിയിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. കണ്ടിജൻസി ജീവനക്കാരുടെ പെൻഷനും മുടങ്ങിയിരിക്കുകയാണ്. ഇതേതുടർന്ന് ഇന്നലെ നഗരസഭ കെട്ടിടത്തിലെ വാടകക്കാരുടെ കുടിശിക പിരിക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്.