canal
പേരണ്ടൂർ കനാൽ

കൊച്ചി: പേരണ്ടൂർ കനാൽ സുന്ദരിയാകുമെന്ന് കൊച്ചിക്കാർ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. അത് കാത്തിരുന്ന നഗരവാസികൾക്ക് ഇപ്പോഴും കാണാനാവുക ചെളിയിൽ പുതഞ്ഞുപോയ കനാലാണ്. തേവര - പേരണ്ടൂർ കനാലിലെ ചെളി കോരിയിട്ട് രണ്ടു വർഷമായി. കരാർ ഏറ്റെടുക്കാൻ ആളില്ലാത്തതായിരുന്നു 2017ൽ കാന കോരലിന് തടസ്സമായതെങ്കിൽ കഴിഞ്ഞ വർഷം നിശ്ചയിച്ച സമയത്ത് നാട് പ്രളയത്തിലായി. പേരണ്ടൂർ കനാൽ സൗന്ദര്യവത്കരണ പദ്ധതിക്ക് കഴിഞ്ഞ ജനുവരിയിൽ വീണ്ടും ജീവൻ വച്ചെങ്കിലും ചെളിയും മാലിന്യവും വില്ലന്മാരാവുകയാണ്. പണി തുടങ്ങി ആറു മാസം കഴിഞ്ഞിട്ടും മൂന്നിലൊന്ന് ചെളി പോലും നീക്കാൻ കഴിഞ്ഞിട്ടില്ല. കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃതിന്റെ ഭാഗമായാണ് തേവര - പേരണ്ടൂർ കനാൽ സൗന്ദര്യവത്കരണം നടപ്പാക്കുന്നത്. 2020 മാർച്ച് വരെയാണ് അമൃത് പദ്ധതിയുടെ കാലാവധി. അതിനുള്ളിൽ സൗന്ദര്യവത്കരണം പൂർത്തിയായില്ലെങ്കിൽ കോർപ്പറേഷൻ സ്വന്തം ഫണ്ടിൽ നിന്ന് തുക ചെലവഴിക്കേണ്ടി വരും.

എതിർപ്പുമായി നാട്ടുകാർ

കനാലിൽ നിന്നുള്ള മണ്ണും ചെളിയും മാലിന്യവും കൂടിക്കുഴഞ്ഞ മിശ്രിതം നിക്ഷേപിക്കാൻ സ്ഥലമില്ലാതെ കൗൺസിലർമാരും കരാറുകാരനും വലയുകയാണ്. കനാലിന്റെ തീരത്ത് കൂട്ടിയിടാൻ പലയിടത്തും നാട്ടുകാർ അനുവദിക്കുന്നില്ല. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ അധീനതയിലുള്ള ഒഴിഞ്ഞ സ്ഥലങ്ങളിലാണ് മുൻ വർഷങ്ങളിൽ ചെളി നിക്ഷേപിച്ചിരുന്നത്. ഇത്തവണ കളക്ടർ നേരിട്ട് ഇടപെട്ടിട്ടും ചെളി തള്ളാനുള്ള അനുമതി പോർട്ട് അധികൃതർ നിഷേധിച്ചത് കോർപ്പറേഷന് തിരിച്ചടിയായി.

ബ്രഹ്മപുരം മാലിന്യപ്ളാന്റാണ് അടുത്ത അഭയകേന്ദ്രം.എന്നാൽ ഈർപ്പത്തിന്റെ അംശമുള്ള ചെളി അങ്ങോട്ട് എത്തിക്കുന്നത് വെല്ലുവിളിയാണ്. അഞ്ചു കിലോ മീറ്റർ ദൂരത്തിനപ്പുറം ചെളി നീക്കണമെങ്കിൽ കൗൺസിൽ അനുമതിയും ആവശ്യമാണ്.

ചെളിയും പൊളിയാണ്!

കൊച്ചിയിൽ ആർക്കും വേണ്ടെങ്കിലും ആലപ്പുഴയിലെ തോടുകളിൽ നിന്നുള്ള ചെളിക്ക് കർഷകർക്കിടയിൽ വൻ ഡിമാന്റ് ആണ്. ഉണങ്ങികഴിഞ്ഞാൽ ഇത് സാധാരണ മണ്ണു പോലെയാവും. ദുർഗന്ധമുണ്ടാവില്ല. ബ്രഹ്മപുരത്തെ പ്ളാസ്റ്റിക്മാലിന്യം ശാസ്ത്രീയമായി കുഴിച്ചുമൂടുന്നതിന് ഈ മിശ്രിതം ഉപയോഗിക്കാം

സി.കെ.പീറ്റർ

കോന്തുരുത്തി കൗൺസിലർ

കനാലിനെ ഗ്ളാമറാക്കാൻ

ആദ്യ പടി ആഴത്തിലുള്ള ചെളികോരൽ

തേവരയിൽ വേമ്പനാട്ട് കായലിനോട് ചേരുന്ന ഭാഗത്ത് കനാലിന് സംരക്ഷണ ഭിത്തി

തീരത്ത് കരിങ്കല്ലു കൊണ്ടുള്ള മതിൽ

കായലിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാനായി നെറ്റിട്ട വേലി

പദ്ധതിയ്ക്കായി 16 കോടി

കനാലിന്റെ നീളം 10.5 കിലോമീറ്റർ

അടിഞ്ഞ ചെളി 1,50000 ക്യുബിക്മീറ്റർ