അർബൻ ബാങ്ക് വിഭാഗത്തിൽ പീപ്പിൾസ് അർബൻ ബാങ്കിനും മൂവാറ്റുപുഴ അർബൻ ബാങ്കിനും പുരസ്‌ക്കാരം
കൊച്ചി: നിക്ഷേപമുണ്ടാക്കുന്നതോടൊപ്പം ജനങ്ങൾക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കാനും സഹകരണ സംഘങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എറണാകുളം ടൗൺ ഹാളിൽ അന്തർദേശീയ സഹകരണ ദിനാചരണ ഉദ്ഘാടനവും സംസ്ഥാനത്തെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖല കാലത്തിനനുസരിച്ച് മാറണം. ഈ ലക്ഷ്യത്തോടെയാണ് കേരള ബാങ്കിന്റെ രൂപീകരണം. വൻകിട ബാങ്കുകൾ ഇന്ന് സാധാരണക്കാർക്ക് അന്യമാകുകയാണ്. എസ്.ബി.ടി - എസ്.ബി.ഐ ലയനം തന്നെ ഇതിന് ഉദാഹരണമാണ്. ഇവിടെയാണ് സാധാരണക്കാർക്ക് ആശ്വാസമായി സഹകരണ സംഘങ്ങളുടെ പ്രസക്തി വർദ്ധിക്കുന്നത്. മരണാനന്തര കർമ്മങ്ങളിൽ മുതൽ ഐ.ടി വ്യവസായം വരെയുള്ള സർവ്വ മേഖലകളിലും സഹകരണ സംഘങ്ങളുടെ സ്വാധീനമുണ്ട്. സംസ്ഥാനത്താകെ വിവിധ മേഖലകളിലായി 15428 സഹകരണ സംഘങ്ങളുണ്ട്. ഇതിൽ പന്തീരായീരവും കാര്യക്ഷമമായി പ്രവർത്തിക്കുന്നവയാണ്. ഒന്നേകാൽ ലക്ഷം പേർക്ക് നേരിട്ടും 12 ലക്ഷം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ദേശീയ ക്ഷീര വികസന ബോർഡ് മുൻ ചെയർമാൻ ടി. നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി. പി. എ.സി.എസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി. ബേബി, സെക്രട്ടറി ടി.കെ.വിൽസൺ, കണയന്നൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.എസ്.ഷൺമുഖദാസ്, ടി.ആർ.സുനിൽ, പി.ഡി പീറ്റർ, വി.കെ. ഡാർബി, പി.ജി. ഷിജു എന്നിവർ പ്രസംഗിച്ചു. സഹകരണ സംഘം രജിസ്ട്രർ ഡോ: പി.കെ.ജയശ്രീ സ്വാഗതവും ജോയിന്റ് രജിസ്ട്രാർ സുരേഷ് മാധവൻ നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി കഴിഞ്ഞ വർഷത്തെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ഒമ്പതു വിഭാഗങ്ങളിലായി 33 സഹകരണ സംഘങ്ങളെ സംസ്ഥാന തലത്തിൽ മികച്ച സഹകരണ സംഘങ്ങളായി തിരഞ്ഞെടുത്തിരുന്നു. വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക്, ഇടുക്കി ജില്ലാ സഹകരണ ബാങ്ക്, പാലക്കാട് ജില്ലാ സഹകരണ ബാങ്ക് ( ജില്ലാ സഹകരണ ബാങ്ക് വിഭാഗം),പീപ്പിൾസ് അർബൻ ബാങ്ക് എറണാകുളം, മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് ( ഇരുവർക്കും ഒന്നാം സ്ഥാനം), പെരിന്തൽമണ്ണ അർബൻ ബാങ്ക്, ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ( അർബൻ ബാങ്ക് വിഭാഗം)എന്നിവയുടെ ഭാരവാഹികൾ മന്ത്രിയിൽ നിന്ന് ഉപഹാരങ്ങൾ ഏറ്റുവാങ്ങി.