വൈപ്പിൻ: കണ്ടെയ്‌നർറോഡിലെ ടോൾ പിരിവ് ആരംഭിക്കുന്നതിന് മുന്നോടിയായി ജനപ്രതിനിധികളും സമരസമിതി നേതാക്കളുമായി ഉണ്ടാക്കിയ ധാരണ ഒരു കരാറായി എഴുതി തയ്യാറാക്കി പ്രസിദ്ധപ്പെടുത്തണമെന്ന് എസ്.ശർമ്മ എം.എൽ.എ. ആവശ്യപ്പെട്ടു. കടമക്കുടി,മുളവുകാട്,ചേരാനെല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളാണ്‌ റോഡിനായി സ്ഥലവും ജീവനോപാധികളും നഷ്ടപ്പെടുത്തിയത്. ഇവരുടെ വാഹനങ്ങൾക്കും വീടുനിർമ്മാണത്തിനും മറ്റുമായി എത്തുന്ന വാഹനങ്ങൾക്കും ടോൾ ഈടാക്കരുതെന്നും യഥാസമയം സർവീസ് റോഡിന്റെയുംമറ്റും അറ്റകുറ്റപ്പണികൾ നടത്തണമെന്നതടക്കമുള്ള കാര്യങ്ങൾ ടോൾപിരിവ് സംബന്ധിച്ചു നടത്തിയ ചർച്ചകളിൽ അംഗീകരിച്ചിട്ടുള്ളതാണ്. സർവീസ്‌ റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചതിനുശേഷം മാത്രമേ ടോൾ പിരിവ് ആരംഭിക്കാവൂ എന്ന ആവശ്യം ദേശീയ പാതാ അതോറിറ്റി അംഗീകരിച്ചിരുന്നതാണ്. എന്നാൽ ധാരണകൾക്ക് വിരുദ്ധമായി ടോൾ പിരിവ് ആരംഭിച്ചിരിക്കുകയാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാറുന്നതനുസരിച്ച് തീരുമാനങ്ങൾ മാറാനിടയുള്ളതിനാലാണ്കൃത്യമായ ധാരണാപത്രം ഇതുസംബന്ധിച്ച് വേണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്ന് എം.എൽ.എ വ്യക്തമാക്കി. ഇക്കാര്യത്തിൽ പരിഹാരനടപടികൾ സ്വീകരിക്കണമെന്ന് ജില്ലാകലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു.