വൈപ്പിൻ: പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 25-ാം ചരമവാർഷികദിനത്തിൽ ബഷീറിന്റെ കഥാപാത്രങ്ങളെ പുനരാവിഷ്‌ക്കരിച്ച് കുട്ടികൾ.ബഷീർ കഥാപാത്രങ്ങളായ പാത്തുമ്മ, ആട്, ബഷീർ, സുഹ്‌റ, മജീദ്, ഒറ്റക്കണ്ണൻ പോക്കർ, സാറാമ്മ, ആനവാരി രാമൻ നായർ, പൊൻകുരിശുതോമ്മ, ജമീല, അബ്ദുൾഖാദർ തുടങ്ങിയ വേഷങ്ങൾ കുട്ടികൾക്ക് മുന്നിലെത്തിയപ്പോൾ ഏവർക്കും തൊട്ടുനോക്കാൻ ആഗ്രഹം.
വായിച്ചറിഞ്ഞ പുസ്തകങ്ങളിലെ കഥാപാത്രങ്ങളായി തങ്ങളുടെ കൂട്ടുകാരാണ് വേഷമിട്ടതറിഞ്ഞപ്പോൾ കുട്ടികളിൽ കൗതുകം ഇരട്ടിച്ചു. അപ്പോൾപ്പിന്നെ എല്ലാവർക്കും കഥാപാത്രങ്ങളോട് സംസാരിക്കണമെന്നായി. അപ്പോഴും ബഷീറായിവേഷമിട്ട ബെനഡിക്ട് ഗൗരവംവിടാതെ തന്നെ ചാരുകസേരയിൽ കിടന്ന് പുസ്തകവായനയിൽ മുഴുകി.
എടവനക്കാട് ഇക്ബാൽ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ നടന്ന ബഷീർ അനുസ്മരണം പഞ്ചായത്ത് പ്രസിഡന്റ് കെ.യു ജീവൻമിത്ര ഉദ്ഘാടനംചെയ്തു. സ്‌കൂൾ മാനേജർ എൻ.കെ മുഹമ്മദ് അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. സിപ്പി പള്ളിപ്പുറം മുഖ്യപ്രഭാഷണം നടത്തി.