logo
ഇൻഫോപാർക്കിൽ പി.ഐ. ഡാറ്റാ സെന്ററിന്റെ നിർമ്മാണ ചടങ്ങിൽ ഐ.ടി. സെക്രട്ടറി എം. ശിവശങ്കരൻ, കളക്ടർ എസ്. സുഹാസ്, ഇൻഫോപാർക്ക് സി.ഇ.ഒ ഋഷികേശ് നായർ, സെന്റർ സി.ഇ.ഒ കല്യാൺ മൂപ്പനെനി എന്നിവർ

400 കോടി രൂപ നിക്ഷേപം

300 പേർക്ക് തൊഴിൽ

കൊച്ചി : ആന്ധ്രപ്രദേശിലെ അമരാവതി ആസ്ഥാനമായ പി.ഐ ഡാറ്റാ സെന്റർ കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തനം ആരംഭിക്കുന്നു. ആറേക്കർ സ്ഥലത്ത് 400 കോടി രൂപ നിക്ഷേപിച്ചാണ് പി.ഐ കൊച്ചി ഡാറ്റാ സെൻറ്റർ സ്ഥാപിക്കുന്നത്. 2020 മാർച്ചിൽ പ്രവർത്തനം ആരംഭിക്കുന്ന കേന്ദ്രത്തിൽ 300 പേർക്ക് തൊഴിൽ ലഭിക്കും.

അമരാവതിയിൽ സ്ഥാപിച്ച ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അപ് ടൈം സർട്ടിഫൈഡ് ടിയർ 4 ഡാറ്റ സെന്ററിനുശേഷം രാജ്യത്തെ രണ്ടാമത്തെ കേന്ദ്രമാണ് കൊച്ചിയിൽ ആരംഭിക്കുന്നത്.

നിർമ്മാണത്തിന് തുടക്കം കുറിച്ച ചടങ്ങിൽ സംസ്ഥാന ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ മുഖ്യാതിഥിയായി. ജില്ലാ കളക്ടർ എസ്. സുഹാസ്, ഇൻഫോപാർക്ക് സി.ഇ.ഒ ഋഷികേശ് നായർ, പി.ഐ ഡാറ്റാ സെൻറ്റർ സ്ഥാപകൻ കല്യാൺ മൂപ്പനെനി, ഡയറക്ടർ ജിയോ കുര്യൻ, ഇൻഫോപാർക്ക് മാർക്കറ്റി0ഗ് വിഭാഗം മേധാവികളായ അരുൺ രാജീവൻ, ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

സർക്കാർ, പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് ഡാറ്റാ സൗകര്യം ഒരുക്കുന്നതിന് സെന്റർ സഹായിക്കുമെന്ന് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ യുമായ കല്യാൺ മൂപ്പനെനി പറഞ്ഞു. ഐ.ടി കമ്പനികളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഡാറ്റ, ക്ലൗഡ് സേവനങ്ങൾ ലഭ്യമാക്കും.

ഐ.ടി കമ്പനികൾക്ക് ഡാറ്റ സേവങ്ങൾക്കായി കേരളത്തിൽ തന്നെ സംവിധാനവും പൊതു സ്വകാര്യ സ്ഥാപനങ്ങൾക്ക് അമൂല്യങ്ങളായ രേഖകൾക്ക് ബാക് അപ് സംവിധാനം സുരക്ഷിതമായി ലഭിക്കുമെന്ന് ഋഷികേശ് നായർ പറഞ്ഞു. 300 പേർക്ക് നേരിട്ടും 1000 ലധികം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് പി.ഐ ഡാറ്റാ സെന്റർ കൊച്ചി മേധാവി ജിയോ കുര്യൻ പറഞ്ഞു.