മൂവാറ്റുപുഴ: സംസ്ഥാനത്തെ മികച്ച അർബൻ സഹകരണബാങ്കിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിന് ലഭിച്ചു. 2017-18 സാമ്പത്തിക വർഷത്തെ പ്രവർത്തന മികവിനാണ് അവാർഡ് ലഭിച്ചത്. എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രനിൽ നിന്നും ബാങ്ക് ഭരണസമിതി അംഗങ്ങളായ സി.കെ. സോമൻ, സാബു ജോസഫ്, ജനറൽ മാനേജർ കെ.എസ്. സുഷമ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. 2017-18 സാമ്പത്തിക വർഷം എറണാകുളം ജില്ലയിലെ മികച്ച അർബൻ സഹകരണ ബാങ്കിനുള്ള പുരസ്‌കാരവും മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിനാണ് ലഭിച്ചത്. മൂവാറ്റുപുഴ കോതമംഗലം താലൂക്കുകളും, കുന്നത്തുനാട് താലൂക്കിന്റെ പത്ത് പഞ്ചായത്തുകളും പെരുമ്പാവൂർ മുനിസിപ്പാലിറ്റിയും പ്രവർത്തനപരിധിയുള്ള ബാങ്കിന് ഇപ്പോൾ പതിമൂന്ന് ശാഖകളുണ്ട്. 1923ൽ പ്രവർത്തനം തുടങ്ങിയ ബാങ്കിന് 26973 അംഗങ്ങളും 522 കോടി രൂപ നിക്ഷേപവും 350 കോടി രൂപ വായ്പാ ബാക്കി നില്പും ഉണ്ട്.