ആലുവ: തുരുത്ത് നിവാസികൾക്ക് ആലുവ ടൗണിലേക്ക് എത്തുവാനുള്ള പെരിയാറിനു മുകളിലൂടെയുള്ള റെയിൽവെ ഫുട്പാത്ത് നാശത്തിന്റെ വക്കിൽ. വർഷങ്ങൾക്ക് മുൻപ് നാട്ടുകാർ ഒട്ടേറെ സമരങ്ങൾ നടത്തിയതിനെ തുടർന്ന് റെയിൽവെ നിർമ്മിച്ചതാണ് ഫുട്പാത്ത്. സമയാസമയങ്ങളിൽ ആവശ്യമായ അറ്റകുറ്റപണികൾ നടത്താതെയാണ് നശിച്ചുകൊണ്ടിരിക്കുന്നത്.
വശങ്ങളിലെ കൈപ്പിടി തുരുമ്പെടുത്തും കോൺക്രീറ്റ് സ്ലാബുകൾ തകർന്ന അവസ്ഥയിലുമാണ്. ഇതിനോട് ചേർന്നുള്ള റെയിൽ പാലം എല്ലാവർഷവും അറ്റകുറ്റപണികൾ നടത്താറുണ്ടെങ്കിലും ഫുട്പാത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാറില്ല. ആലുവ നഗരസഭ മെയിന്റൻസ് നടത്തണമെന്നാണ് റെയിൽവെ പറയുന്നത്. ചെങ്ങമനാട് പഞ്ചായത്ത് നിവാസികൾക്ക് യാത്ര സൗകര്യം ആലുവ ഒരുക്കണമെന്ന് പറയുന്നതിന്റെ യുക്തിയാണ് ആർക്കും മനസിലാകാത്തത്. തുരുത്തിന് പുറമെ ദേശം, ചൊവ്വര, ശ്രീ മൂലനഗരം, കാഞ്ഞൂർ തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികളടക്കമുള്ളവർ ഈ ഫുട്പാത്തിനെ ഇന്നും ആശ്രയിക്കുന്നു.
#പരിഹാരം കാണണം
തുരുത്ത് പെരിയാർ റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ഫുട്പാത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു.
സലാം പരിയാരത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.എം. മീതിയൻ കുഞ്ഞ് (പ്രസിഡന്റ്), കെ.ആർ. സരസ്വതി, പി.ജി. പ്രസാദ് (വൈ. പ്രസിഡന്റുമാർ), പി.സി. സതീഷ് കുമാർ (സെക്രട്ടറി), പു.ജി. സുനിൽ കുമാർ, പി.എം. അബ്ദുൾ സലാം (ജോ: സെക്രട്ടറിമാർ), എ.വി. നന്ദകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
#പാലം അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് റെയിൽവേ അധികൃതർ നഗരസഭക്ക് കത്ത് നൽകിയിരുന്നു. ഇത് സംബന്ധിച്ച് കൗൺസിൽ ചർച്ച നടത്തുകയും ചെങ്ങമനാട് പഞ്ചായത്ത് അധികൃതരുമായി ചർച്ച നടത്തി എം.പി, എം.എൽ.എ ഫണ്ട് കണ്ടെത്തി പാലം അറ്റകുറ്റപ്പണി നടത്താമെന്ന് ആലോചിക്കുന്നുണ്ട്.
ലിസി എബ്രഹാം,
ആലുവ നഗരസഭ ചെയർപേഴ്സൺ.
#തുരുത്ത് നടപ്പാലത്തിന്റെ തകരാർ സംബന്ധിച്ച് പഞ്ചായത്തിന് നിവേദനങ്ങളൊന്നും കിട്ടിയിട്ടില്ല. റെയിൽവേയിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ പഞ്ചായത്തിന് ചെയ്യാൻ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യും.
ദിലീപ് കപ്രശേരി,ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.