മൂവാറ്റുപുഴ: ദേശീയ ലോക് അദാലത്തിന്റെ ഭാഗമായി മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 13ന് കോടതികളിൽ അദാലത്ത് നടത്തും. മൂവാറ്റുപുഴ കോടതി സമുച്ചയം, പിറവം മജിസ്ട്രേറ്റ് കോടതി എന്നിവടങ്ങളിലായി ആറു ബൂത്തുകളിൽ രാവിലെ 10ന് അദാലത്ത് ആരംഭിക്കും. ജുഡീഷ്യൽ ഓഫീസർമാർ, അഭിഭാഷകർ തുടങ്ങിയവരുടെ സൗജന്യ സേവനം ജനങ്ങൾക്ക് ലഭ്യമാക്കും. കോടതികളിൽ നിലവിലുള്ള കേസുകളിൽ ഇരുകക്ഷികളും ജഡ്ജിയുടെയും അഭിഭാഷകന്റെയും സാന്നിദ്ധ്യത്തിൽ സമവായത്തിലൂടെ കേസുകൾ തീർപ്പാക്കുകയാണ് ലക്ഷ്യം. അദാലത്തിലൂടെ തീർപ്പായാൽ ആ ഉത്തരവ് സുപ്രീംകോടതി വിധിക്ക് തുല്യമാണ്. ഒരു കോടതിയിലും അപ്പീൽ നൽകനാകില്ല. കോടതിയിൽ കെട്ടിവെച്ച മുഴുവൻ കോർട്ട്ഫീസും തിരികെ ലഭിക്കും. വാഹനാപകടത്തിൽ നഷ്ടപരിഹാരം ലഭിക്കുന്നതിനായുള്ള കാലതാമസം ഒഴിവാക്കാനായി ഇൻഷ്വറൻസ് ക
മ്പനികളുടെ സഹകരണത്തോടെ ഉടൻ തന്നെ നഷ്ടപരിഹാരതുക ലഭ്യമാക്കുന്നു. കോടതിയിൽ നിലവിലില്ലാത്ത കേസുകളിൽ പരാതിയുടെ അടിസ്ഥാനത്തിൽ എതിർകക്ഷിയെ വിളിച്ചു വരുത്തി ഒത്തുതീർപ്പിന് ശ്രമിക്കും. ധനകാര്യസ്ഥാപനങ്ങളിൽ കുടിശ്ശിക ഉള്ള വായ്പകൾ കുറഞ്ഞ കാലയളവിൽ വൻ ഇളവുകളോടെ അടച്ചു തീർപ്പാക്കാൻ വിവിധ ബാങ്കുകൾ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അദാലത്തിലൂടെ പൊതുജനങ്ങൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർമാനും അഡീഷണൽ ജില്ലാ ജഡ്ജിയുമായ കെ. എൻ. പ്രഭാകരൻ അഭ്യർത്ഥിച്ചു