കൊച്ചി : സർക്കാർ തടി ഡിപ്പോകളിൽ കോടികളുടെ ചെറു തടികൾ ചിതലരിച്ചും മഴ നനഞ്ഞും കുത്തൻ കേറിയും നശിക്കുന്നു.
സംസ്ഥാനത്ത് വനം വകുപ്പിൻെറ കീഴിലുള്ള 6 ഡിവിഷനുകളിലെ 30 തടി സബ് ഡിപ്പോകളിലാണ് ഈ ദുരവസ്ഥ. ഏക്കറുകണക്കിന് സ്ഥലങ്ങളിൽ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് തടികൾ കൂട്ടിയിട്ടിരിക്കുന്നത്.
ഡിപ്പോകളിൽ ഒന്നാംതരം എ ക്ളാസ് തേക്ക് തടിക്കു ക്യുബിക് മീറ്ററിന് ശരാശരി ഒരു ലക്ഷം രൂപ വരെ വിലയുണ്ട്. നികുതിയും ലോഡിംഗ് കൂലിയുമായി നാലിലാെന്ന് കൂടി അധികം വരും. ഇ ടെണ്ടറുകളിൽ പങ്കെടുക്കുന്നവരാകട്ടെ വില കുടിയ മുന്തിയ തടികളെ വാങ്ങാറുള്ളു. തടികൾ മൂന്ന് വിഭാഗങ്ങളായി തിരിച്ച് വീണ്ടും ഉപവിഭാഗങ്ങളായി വിഭജിച്ചാണ് വിൽപ്പന.
ചെറുതടികൾ വാങ്ങാനാളുണ്ടാവില്ല. പലയിടങ്ങളിലും ഇവ കിടന്ന് നശിക്കും. പെരുമ്പാവൂർ സെയിൽസ് ഡിവിഷൻെറ കീഴിലുള്ള ചാലക്കുടി , വീട്ടൂർ , മുടിക്കൽ, വരാപ്പുഴ, കോട്ടയം ഡിവിഷൻെറ കീഴിലുള്ള കോതമംഗലം , തലക്കാട് , വെട്ടിക്കാട് , പാറപ്പുഴ സബ് ഡിപ്പോകളിലും ധാരാളമായി ചെറു തടികൾ കെട്ടികിടക്കുകയാണ് . പത്തനാപുരം ഡിപ്പോയിൽ പേഴ്, മരുതി ഇനത്തിൽപ്പെട്ട തടികൾ പൂർണമായും ചിതലെടുത്തു.
ഇലവ്, കുളമാവ് തടികൾ വളരെ നാളുകളായി ആർക്കും വേണ്ടാതെ കിടക്കുകയാണ് . ഈ തടികളും ദ്രവിച്ചു തുടങ്ങി.
കെട്ടിക്കിടക്കുന്ന തടികൾ കുറഞ്ഞ വിലക്ക് വിൽക്കാൻ നടപടിയെടുത്തെങ്കിലേ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകൂ.
ഓൺലെെൻ സംവിധാനം വന്നപ്പോൾ അഴിമതി കുറഞ്ഞെങ്കിലും ചെറുതടികൾക്ക് ഇത് പാരയാവുകയായിരുന്നു. നേരത്തെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് യുക്തം പോലെ വില താഴ്ത്തി നൽകാനും കഴിയുമായിരുന്നു.
വീട് പണിയുന്നവർക്ക് ഇത്തരം തടികൾ ഓൺലെെനിൽ പെടുത്താതെ ആവശ്യത്തിന് കൊടുക്കാൻ നടപടി സ്വീകരിച്ചാൽ ഇവ വിറ്റുപോകും. നിലവിൽ മൂന്ന് ക്യുബിക് അടി മാത്രമേ ഇങ്ങിനെ ലഭിക്കൂ. അതും രണ്ടാം ക്ളാസ് മുതൽ കുറഞ്ഞ നിലവാരമുള്ളതും. ഉന്നത നിലവാരമുള്ളത് വേണമെങ്കിൽ ഓൺലൈൻ ഇടപാട് തന്നെ വേണം.
ചെറുതടികൾ ലേലത്തിൽ പങ്കെടുക്കാതെ തന്നെ വീടു നിർമ്മാണത്തിന് ജനങ്ങൾക്കു നേരിട്ട് എപ്പോൾ വേണമെങ്കിലും വാങ്ങാം. അഞ്ച് ക്യുബിക് മീറ്റർ വരെ നൽകാൻ സർക്കാർ ഉത്തരവായിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള പെർമിറ്റ് ഹാജരാക്കിയാൽ മാത്രം മതി. നികുതിയും വേണ്ട. ഓൺലെെനിൽ എത്ര വേണമെങ്കിലും ആർക്കും വാങ്ങാം. പൊതുവിപണിയിലേക്കാൾ വിലകുറവും ഗുണം കൂടുതലുമാണ്. അതിന് സാധാരണക്കാർക്കുള്ള മടിയാണ് പ്രശ്നം.
ചിന്നു ജനാർദ്ദനൻ
ഡി.എഫ്.ഒ പെരുമ്പാവൂർ സെയിൽസ് ഡിവിഷൻ