scb-paravur-ing-
പറവൂർ സഹകരണ ബാങ്കിന്റെ മെയിൻ റോഡ് ബ്രാഞ്ചിന്റെയും, ഗൃഹോപകരണ സൂപ്പർ മാർക്കറ്റിന്റെയും ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു.

പറവൂർ : ഭവന രഹിതരെ പുനരധിവസിപ്പിക്കുന്നതിനായി സഹകരണ മേഖല രണ്ടായിരം ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പറവൂർ സഹകരണ ബാങ്കിന്റെ മെയിൻ റോഡ് ബ്രാഞ്ചിന്റെയും, ഗൃഹോപകരണ സൂപ്പർ മാർക്കറ്റിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര ബജറ്റ് വിലവർദ്ധനവ് ഉണ്ടാക്കും, സഹകരണ മേഖലയിൽ ആരംഭിക്കുന്ന ഇതുപോലുള്ള സൂപ്പർ മാർക്കറ്റുകൾ ജനങ്ങൾക്ക് അല്പമെങ്കിലും ആശ്വാസം പകരുമെന്നും മന്ത്രി പറഞ്ഞു. ബാങ്കിന്റെ മുൻ പ്രസിഡന്റ് അഡ്വ:വി.എ. അനിലിന്റെ സ്മരണക്കായി ആരംഭിച്ച റെഫറൻസ് ലൈബ്രറിയുടെ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എയും പ്രളയബാധിതർക്ക് ബാങ്ക് നിർമ്മിച്ചു നൽകിയ കെയർ ഹോം വീടുകളുടെ താക്കോൽദാനം എസ്. ശർമ്മ എം.എൽ.എയും നിർവഹിച്ചു. ലോക്കർ ഉദ്ഘാടനം പി. രാജു, ധനശ്രീ വായ്പ വിതരണം നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, സൗജന്യ വൈ.ഫൈ ടി.ആർ. ബോസ്, ലൈബ്രറി അംഗത്വ വിതരണം കെ.എം. ദിനകരൻ എന്നിവർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഇ.പി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.