police-officers-associati
പെരുമ്പാവൂരിൽ നടന്ന എറണാകുളം റൂറൽ ജില്ല പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സമ്മേലനത്തിൽ നിന്ന്‌

പെരുമ്പാവൂർ: കസ്റ്റഡി മരണത്തിനും മർദ്ദനത്തിനും കാരണക്കാരായവരെ സമൂഹത്തിന് മുമ്പിൽ തുറന്ന് കാണിക്കണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും പെരുമ്പാവൂരിൽ നടന്ന കേരള പൊലീസ് ഓഫീസേഴ്‌സ് എറണാകുളം റൂറൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

കസ്റ്റഡിയിലെ മരണവും കസ്റ്റഡി മർദ്ദനങ്ങളും ജനാധിപത്യ സമൂഹത്തിനും, ജനാധിപത്യത്തിലെ പൊലീസിനും തീരാക്കളങ്കമാണ്. ഇത്തരം കാര്യങ്ങൾ തീർത്തും നിയമവിരുദ്ധവും സാമന്യ ധാർമ്മികതയ്ക്ക് പൂർണ്ണമായും എതിരുമാണ്. അഴിമതിക്കും അമിതാധികാര പ്രവണതയ്ക്കും വശംവദരായി പൊലീസിലെ വിരലിലെണ്ണാവുന്ന ന്യൂനപക്ഷം ഈ വിധമുള്ള പ്രവൃത്തികൾ മൂലം മഹാഭൂരിപക്ഷം പൊലീസുദ്യോഗസ്ഥരുടേയും സാമാന്യ ധാർമ്മികത ചോദ്യം ചെയ്യപ്പെടുകയും അവർ കല്ലെറിയപ്പെടുകയും ചെയ്യുമെന്ന് പ്രമേയം വിലയിരുത്തി.

എല്ലാ സ്റ്റേഷനുകളിലും 8 മണിക്കൂർ ജോലി ഏർപ്പെടുത്തുക, നാഷണൽ പൊലീസ് യൂണിവേഴ്‌സിറ്റി അടിയന്തിരമായി സാധ്യമാക്കുക, പൊലീസ് സ്റ്റേഷനുകളിലെ ജോലി ക്രമസമാധാനം കേസന്വേഷണം എന്നിങ്ങനെ രണ്ടായി തിരിക്കുക, പൊലിസ് വാഹനങ്ങളുടെ അകത്തും പുറത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക, സ്റ്റേഷനകത്തും പുറത്തും ഉള്ള നിരീക്ഷണ കാമറകൾ 24 മണിക്കൂറും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പു വരുത്തുക, തുടങ്ങിയവയും സമ്മേളനം ആവശ്യപ്പെട്ടു.

പ്രതിനിധി സമ്മേളനം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. ടെൽക് ചെയർമാൻ എൻ.സി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. കെ. പി.ഒ.എ ജില്ലാ പ്രസിഡന്റ് എം.കെ. മുരളി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി. ആർ ബിജു, സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി ജെ .ഷാജിമോൻ ജില്ലാ റിപ്പോർട്ടും അവതരിപ്പിച്ചു. ഡി.വൈ. എസ്.പി മാരായ കെ. ബിജുമോൻ, ജി. വേണു, സംസ്ഥാന നിർവ്വാഹക സമിതിയംഗം കെ.ടി. മുഹമ്മദ് കബിർ, ബാബു കെ.എ, സുരേഷ് ബാബു, എം.വി. നിഷാദ്, എം.വി. സനിൽ, ടി.കെ. അബ്ദുൾ സലാം, ടി. എസ് സണ്ണി, എം.വി. ജയപ്രകാശ്, ഇ. ആർ. സരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.