പറവൂർ : ചേന്ദമംഗലം പഞ്ചായത്തിലെ പാലാതുരുത്തിൽ പതിനൊന്ന് യുവാക്കൾ രൂപീകരിച്ച നവ പാലാതുരുത്ത് എന്ന കൂട്ടായ്മയുടെ കരുത്തിൽ മണപ്പാട്ടുതറ ഷാജിക്ക് ഭവനമൊരുങ്ങി. ഇന്ന് (ഞായർ) രാവിലെ ഒമ്പതിന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ വീടിന്റെ താക്കോൽദാനം നിർവഹിക്കും. എസ്. ശർമ്മ എം.എൽ.എ മുഖ്യാതിഥിയാകും. പ്രളയാനന്തരം രൂപീകരിച്ച ഈ കൂട്ടായ്മക്ക് സംവിധായകൻ രാജീവ് രവി നേതൃത്വം നൽകുന്ന കളക്ടീവ് ഫേയ്സ് വൺ സംഘടനയും ഗോപാൽജി ഫൗണ്ടേഷനും പകർന്ന് നൽകിയ കരുത്തിൽ നിരവധി പ്രവർത്തനങ്ങളാണ് കൂട്ടായ്മയിലൂടെ നടക്കുന്നത്. മെഡിക്കൽ ക്യാമ്പ്, സ്ത്രീകൾക്ക് കൗൺസിലിംഗ് പ്രോഗ്രാം, കുടുംബ സംഗമം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 65 വനിതകൾ ഒത്ത് ചേർന്ന് സ്വയം തൊഴിൽ സംരംഭത്തിന്റെ ഭാഗമായി തയ്യൽ യൂണിറ്റിന്റെ പ്രവർത്തനം തുടങ്ങി. ഈ കൂട്ടായ്മയിൽ നിർമ്മിച്ച രണ്ടാമത്തെ വീടാണ് ഷാജിയുടേത്.