കൊച്ചി: എറണാകുളത്ത് റെയിൽവേ ടെർമിനൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക റിപ്പോർട്ട് റെയിൽവേ ജനറൽ മനേജർക്ക് ഉടൻ സമർപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. റെയിൽവേ ടെർമിനൽ ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി കഴിഞ്ഞ ദിവസം കേന്ദ്ര റയിൽവേ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിനെ നേരിൽ കണ്ട് കത്ത് നൽകിയിരുന്നു. മന്ത്രിയുടെ നിർദേശപ്രകാരം ഇന്നലെ കൊച്ചിയിൽ നടന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ഹൈബി ഈഡൻ എം.പി. അദ്ധ്യക്ഷത വഹിച്ചു.
നിലവിൽ മാർഷലിംഗ് യാർഡും രണ്ട് പിറ്റ് ലൈനുകളും റെയിൽ ട്രാക്കുകളുമാണ് റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 100 ഏക്കർ സ്ഥലത്ത് നിലവിലുള്ളത്. മൂന്നാമത്തെ പിറ്റ് ലൈനിന്റെ നിർമ്മാണം നടന്നു വരികയാണ്. വൈറ്റില മൊബിലിറ്റി ഹബ്ബിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പുതിയ ടെർമിനൽ വരുന്നതോടെ ഇന്ത്യയിലെ തന്നെ ആദ്യത്തെ റോഡ്, റെയിൽ, മെട്രോ, ജലഗതാഗതം എന്നിങ്ങനെ വിവിധ സഞ്ചാര മാർഗങ്ങളുടെ സംഗമ സ്ഥാനമായി മാറുമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു.
എറണാകുളം സൗത്ത്, നോർത്ത് റയിൽവേ സ്റ്റേഷനുകളുടെ വികസനം പരമാവധി ആയിരിക്കുന്ന സാഹചര്യത്തിൽ പുതിയ ടെർമിനൽ വരുന്നതോടെ യാത്രക്കാർക്ക് ഏറേ ആശ്വാസകരമാകും. കൊച്ചിക്ക് പുതിയൊരു മുഖം നൽകാൻ പദ്ധതിക്ക് കഴിയുമെന്നും ഹൈബി പറഞ്ഞു.
പുതിയ ടെർമിനലിനായി നിർദേശിച്ചിരിക്കുന്ന സ്ഥലത്തേക്കുള്ള റോഡുകളുടെ ലഭ്യതയും യോഗം പരിശോധിച്ചു. വേണ്ടി വന്നാൽ സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തി പ്രദേശത്തേക്കുള്ള റോഡുകളുടെ വികസനം യാഥാർത്ഥ്യമാക്കാൻ മുൻകൈ എടുക്കാമെന്ന് എം.പി റയിൽവേ അധികൃതർക്ക് ഉറപ്പ് നൽകി. മാസ്റ്റർ പ്ലാനും ഡിറ്റൈൽഡ് പ്രൊജക്ട് റിപ്പോർട്ടുംതയ്യാറാക്കും.
യോഗത്തിൽ റെയിൽവേയെ പ്രതിനിധീകരിച്ച് ചീഫ് അഡ്മിനിസ്‌ടേറ്റീവ് ഓഫീസർ( കൺസ്ട്രക്ഷൻ) എ.കെ സിൻഹ, ചീഫ് എൻജിനീയർ (കൺസ്ട്രക്ഷൻ) ഷാജി സക്കറിയ, അസിസ്റ്റന്റ് എൻജിനീയർ (കൺസ്ട്രക്ഷൻ) ജോർജ് കുരുവിള, ഏരിയ മാനേജർ നിതിൻ നോർബർട്ട്, ട്രാഫിക് ഇൻസ്‌പെക്ടർ പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.