ആലുവ: മഴ കുറയുന്നത് കുടിവെള്ള വിതരണത്തെയും കൃഷിയെയും ഗുരുതരമായി ബാധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. വരൾച്ച നേരിടാൻ ജല വിഭവ വകുപ്പുദ്യോഗസ്ഥരുടെ അടിയന്തിര യോഗം ഈ മാസം 10ന് തലസ്ഥാനത്ത് വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആലുവ പെരിയാറിലെ ജലനിരപ്പ് താഴ്ന്നത് നേരിൽ സന്ദർശിച്ച ശേഷം പാലസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജലക്ഷാമം നേരിടുന്നതിനും തുടർ നടപടികൾക്കുമായി മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ഈ വർഷം സംസ്ഥാനത്ത് 48 ശതമാനത്തിലധികം മഴ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇനിയും വേണ്ടത്ര മഴ ലഭിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. കുടിവെള്ള വിതരണത്തെ ബാധിക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്ന് മാലിന്യങ്ങൾ പെരിയാറിലേക്ക് തള്ളുന്നത് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ പ്രധാന ജലശുദ്ധീകരണ ശാലയായ ആലുവ ശുദ്ധീകരണയിലെ പ്ലാന്റിന്റെ വിപുലീകരണമടക്കം വിവിധ പദ്ധതികൾ പാതിവഴിയിലാണെന്നും അദ്ദേഹം പറഞ്ഞു.