ആലുവ : യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കു മരുന്ന് ഉപയോഗം തടയാൻ എക്സൈസും പൊലീസും ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് ആലുവ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കീഴ്മാട് പഞ്ചായത്തിലെ ചൂണ്ടി, കോളനിപ്പടി, നഗരത്തിലെ പാലസിന് സമീപം എന്നിവിടങ്ങളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. ബി.ജെ.പി. ജില്ല സെക്രട്ടറി എം.എൻ.ഗോപിയാണ് നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടത്. അശോകപുരത്തെ ലോജിസ്റ്റിക് സ്ഥാപനം സമീപത്തെ കിണറുകളിലേയ്ക്ക് രാസമാലിന്യം ഒഴുക്കുന്നതായി കേരള കോൺഗ്രസ് (ജെ) നേതാവ് ഡൊമനിക് കാവുങ്കൽ പരാതിപ്പെട്ടു.
നഗരത്തിലെ മലിന ജലശുദ്ധീകരണ പ്ലാന്റ് പ്രവർത്തന ക്ഷമമാക്കുക, എല്ലാ കെ.എസ്.ആർ.ടി.സി. ബസുകൾക്കും മഹിളാലയം ജംഗ്ഷനിൽ സ്‌റ്റോപ്പ് അനുവദിക്കുക, ആലുവ മെട്രോ സ്‌റ്റേഷന്റെ പരിസരം മാലിന്യമുക്തമാക്കുക എന്നീ ആവശ്യങ്ങളും ഉയർന്നു. മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് ബിബി സെബി, ആലുവ തഹസിൽദാറുടെ അധിക ചുമതല വഹിക്കുന്ന താലൂക്ക് ഭൂരേഖ തഹസിൽദാർ പി.കെ. ബാബു, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബി. ചന്ദ്രശേഖര വാര്യർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജയ രാധാകൃഷ്ണൻ, കെ.വൈ. വർഗീസ്, കെ.എ. രമേശ്, എ. ഷംസുദ്ദീൻ, മുരളി പുത്തൻവേലി, കെ.പി. കൃഷ്ണൻകുട്ടി, ഇ.എം. സലീം, ഷാജി തേക്കുംകാട്ടിൽ, പി.എം. റഷീദ്, എൻ.എം. ജമാൽ, പി.എ. അബ്ദുൾ സമദ് എന്നിവരും പങ്കെടുത്തു.