വൈപ്പിൻ. വഴിയിൽ കിടന്നു കിട്ടിയ 24000 രൂപ ഉടമസ്ഥന് തിരിച്ചു നല്കി വിദ്യാർത്ഥികൾ മാതൃകയായി.വ്യവസായ വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത ഞാറക്കൽ മാരാത്തറ ദിലീപ് കുമാർ പെൻഷൻ വാങ്ങി വരവേ പെൻഷൻ തുകയായ 24000 രൂപയും സർവീസ് ബുക്കും അടങ്ങിയ സഞ്ചി എവിടെയോ നഷ്ടപ്പെട്ടു. ഇതേ സമയം ഞാറക്കൽ മാമ്പിള്ളി ഭാഗത്ത് നിന്നും ബാഗ് അടക്കം പണം വഴിയിൽ കിടന്നു കിട്ടിയ ഞാറക്കൽ മയ്യാറ്റിൽ ബിജു മകൻ വിനോഷ്, ഞാറക്കൽ വട്ടത്തറ ദിലീപ് മകൻ ദേവനന്ദൻ എന്നിവർ സർവീസ് ബുക്കിൽ കണ്ട ഫോൺ നമ്പറിൽ ബന്ധപ്പെട്ട് പണം കിട്ടിയ കാര്യംഅറിയിച്ചു. ഇതിനു മുമ്പായി തന്നെ പണം നഷ്ടപ്പെട്ട വിവരം ഉടമസ്ഥൻ ഞാറക്കൽ പൊലീസിനെ അറിയിക്കുയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.തുടർന്ന് കുട്ടികൾ ഞാറക്കൽ പൊലീസ് സ്റ്റേഷനിൽ എത്തി പണം ദിലീപ് കുമാറിന് കൈമാറി.കുട്ടികളുടെ പ്രവൃത്തിയെ ഞാറക്കൽ പൊലീസും ദിലീപ് കുമാറും അഭിനന്ദിച്ചു.വിനോഷ് എടവനക്കാട് എച്ച്.ഐ.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും ദേവനന്ദൻ ഞാറക്കൽ ഗവ.എച്ച്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയുമാണ്.