കൊച്ചി: സി.എഫ്. തോമസ് എം.എൽ.എയെ കേരള കോൺഗ്രസ് (എം) ചെയർമാനാക്കാൻ ആക്‌ടിംഗ് ചെയർമാൻ പി.ജെ. ജോസഫിന്റെ നേതൃത്വത്തിൽ ചേർന്ന സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. കോടതിയിൽ നിലനിൽക്കുന്ന കേസിൽ വിധി വന്ന ശേഷം പ്രഖ്യാപനം നടത്തുമെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കി. ജോസ് കെ. മാണി വിഭാഗം യോഗം ബഹിഷ്‌കരിച്ചു. പാലാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി നിഷ ജോസ് കെ. മാണി എത്തിയാൽ അംഗീകരിക്കുമെന്നും പി.ജെ. ജോസഫ് യോഗത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
പി.ജെ. ജോസഫിനെ അനുകൂലിക്കുന്നവരുടെ യോഗമാണ് കൊച്ചിയിൽ നടന്നത്. എം.എൽ.എമാരായ സി.എഫ്. തോമസ്, മോൻസ് ജോസഫ്, ജോയ് എബ്രഹാം, തോമസ് ഉണ്ണിയാടൻ, ടി.യു. കുരുവിള തുടങ്ങിയവർ പങ്കെടുത്തു. സംഘടനാ തിരഞ്ഞെടുപ്പിനെക്കുറിച്ച് യോഗത്തിൽ ചർച്ച നടന്നു. ജോസ് കെ. മാണി വിഭാഗം സംസ്ഥാന സമിതി വിളിച്ച ശേഷം ആദ്യമായാണ് ജോസഫ് അനുകൂലികൾ പരസ്യമായി യോഗം ചേർന്നത്.
ആദ്യം പാർട്ടി ഉന്നതാധികാരസമിതി ചേരാനായിരുന്നു തീരുമാനം. എന്നാൽ, പിന്നീട് നേതൃയോഗത്തിലേക്ക് എത്തുകയായിരുന്നു. കാരുണ്യ ചികിത്സാ പദ്ധതി നിറുത്തലാക്കുന്നതിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി എറണാകുളത്ത് സംഘടിപ്പിച്ച ധർണയിൽ പങ്കെടുത്ത ശേഷമായിരുന്നു നേതാക്കളുടെ യോഗം.