crime
ഇസ്മായിൽ (

തൃക്കാക്കര : മോഷണമുതൽ വിറ്റ് കിട്ടുന്ന പണം കൊണ്ട് ആഢംബര ജീവിതവും സാഹസിക യാത്രയും നടത്തിവന്ന യുവാവ് അറസ്റ്റിൽ. കണ്ണൂർ ഇരിക്കൂർ പട്ടുവം ദാറുൽ ഫലാഹിൽ അജു എന്ന ഇസ്മയിലാണ് (27) തൃക്കാക്കര പൊലീസിന്റെ പിടിയിലായത്.

മേയ് 22ന് വാഴക്കാല മൂലേപ്പാടം സ്വദേശി സിറാജ് അബ്ദുൽ റഹീമിന്റെ എൻഫീൽഡ് ബുളളറ്റ് മോഷണകേസിലാണ് അറസ്റ്റ്. വാഴക്കാലയിലെ ബേക്കറിയിലെ ജോലിക്കാരനായിരുന്നു. ഇവിടെ 14000 രൂപ മോഷ്ടിച്ച ശേഷമാണ് ബുളളറ്റുമായി കടന്നുകളഞ്ഞത്.

ഇന്നലെ ആലുവയിൽ നിന്നാണ് അറസ്റ്റ്. അഞ്ച് മൊബൈൽ ഫോണുകളും, രണ്ടു സ്വർണ മോതിരവും പുതിയ ബ്രാൻഡഡ് വസ്ത്രങ്ങളും പൊലീസ് കണ്ടെത്തി.

സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ഇസ്മയിൽ യാത്രക്കിടെ സെൽഫിയെടുത്ത് പോസ്റ്റ് ചെയ്യാറുണ്ട്. ഫേസ് ബുക്ക് നിരീക്ഷിച്ച് സൈബർ സെല്ലാണ് മോഷ്ടാവിനെ കുടുക്കാൻ പൊലീസിനെ സഹായിച്ചത്. ഇയാളുടെ കാമുകിയുടെ ഫോൺ നമ്പറും നിരീക്ഷണത്തിലായിരുന്നു.

തിരുവനന്തപുരം, മലപ്പുറം ജില്ലകളിലും ഇയാൾക്കെതിരെ മോഷണക്കേസുകളുണ്ട്. വിയ്യൂർ ജയിലിൽ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും മോഷണം പതിവാക്കിയ ഇയാൾ തെളിവുകൾ അവശേഷിപ്പിക്കാതെ മുങ്ങുന്നതിലും വിദഗ്ദ്ധനായിരുന്നു.
ദീർഘദൂര ബൈക്ക് റൈഡിൽ ഹരം കണ്ടെത്തിയിരുന്ന ഇയാൾ മാസങ്ങൾക്ക് മുമ്പ് ജിംനേഷ്യം ഉടമയുടെ ബുള്ളറ്റ് രണ്ടു ദിവസത്തേക്ക് വാങ്ങിയും ദീർഘയാത്ര പോയിട്ടുണ്ട്. ഈ ബുള്ളറ്റ് സമയത്ത് തിരികെ ഏല്പിച്ചെങ്കിലും അനുവാദം വാങ്ങാതെ വീണ്ടും കൊണ്ടുപോയ ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് തിരികെ ഏല്പിച്ചത്. തൃക്കാക്കര അസി: കമ്മീഷണർ ആർ.വിശ്വനാഥിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ആർ.ഷാബു, സബ് ഇൻസ്പെക്ടർ കെ.പി.മനേഷ്, എ.എസ്.ഐമാരായ എൻ.ആർ.ബാബു, മുഹമ്മദാലി, സി.പി.ഒ ജാബിർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.