ആലുവ: വിശാല കൊച്ചിയിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന ആലുവ ജലശുദ്ധീകരണശാലക്കടുത്തേക്ക് നഗരസഭ മാലിന്യങ്ങളൊഴുക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷണൻകുട്ടി നിർദേശിച്ചു.
ആലുവ അദ്വൈതാശ്രമത്തിന് സമീപം പെരിയാറിലേക്ക് തുറന്ന് വച്ച നഗരസഭയുടെ കാനയും, പ്രവർത്തനരഹിതമായ മലിനജല ശുദ്ധീകരണ പ്ലാൻറും സന്ദർശിച്ച് ഗുരുതരാവസ്ഥ നേരിൽ ബോധ്യപ്പെട്ട മന്ത്രി വാട്ടർ അതോറിട്ടി എം.ഡിയോട് ഫോണിൽ വിളിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സീനത്ത്, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാന്റ്, ഗുഡ്ഷെഡ് ഭാഗങ്ങളിൽ നിന്നുള്ള മാലിന്യകാനയാണ് അദ്വൈതാശ്രമത്തിന് സമീപത്ത് കൂടെ ഒഴുകി പെരിയാറിലേക്ക് പതിക്കുന്നത്. ഇവിടെ നഗരസഭ മലിനജല സംസ്കരണ പ്ളാന്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വർഷങ്ങളായി പ്രവർത്തന രഹിതമാണ്. പലവട്ടം ലക്ഷങ്ങൾ മുടക്കി പുനരുദ്ധാരണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ പ്രളയത്തോടെ മോട്ടോറുകളടക്കം നശിച്ചെങ്കിലും നഗരസഭ തിരിഞ്ഞ് നോക്കിയിട്ടില്ല.
ഇവിടെ നിന്ന് കേവലം 200 മീറ്റർ മാത്രം അകലം മാത്രമാണ് ജില്ലയിലെ പ്രധാന ജല ശുദ്ധീകരണശാല.
ബണ്ടുകൾ മൂലം നീരൊഴുക്കു കുറഞ്ഞ പുഴയിലേക്ക് മലിനജലമെത്തുന്നത് കുടിവെള്ളം പമ്പ് ചെയ്യുന്നതിന് ഭീഷണിയാകുമെന്ന് മന്ത്രി പറഞ്ഞു.