കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യാനും വൈദികർക്കും സഹായ മെത്രാന്മാന്മാർക്കും പിന്തുണയും വിധേയത്വവും പ്രഖ്യാപിക്കാനും വിശ്വാസികൾ ഇന്ന് യോഗം ചേരും. കലൂർ റിന്യൂവൽ സെന്ററിൽ ഉച്ചകഴിഞ്ഞ് മൂന്നിന് ചേരുന്ന യോഗത്തിൽ ഇടവക പ്രതിനിധികൾ പങ്കെടുക്കും.
യാതൊരു കാരണവും ബോധിപ്പിക്കാതെ മെത്രാന്മാരെ സസ്‌പെൻഡ് ചെയ്യുകയും അരമനയിൽ നിന്ന് പുറത്താക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് യോഗമെന്ന് അതിരൂപതാ സുതാര്യതാ സമിതി ഭാരവാഹികൾ അറിയിച്ചു. രാത്രിയിൽ പൊലീസ് അകമ്പടിയോടെ കടന്നുവന്ന് അധികാരം പിടിച്ചെടുത്തതിനെ യോഗം അപലപിക്കും. വിശ്വാസികളുടെ പ്രതിഷേധ പരിപാടികൾ തീരുമാനിക്കും.
പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെരാർദ്, മുൻ ജനറൽ സെക്രട്ടറി ബിനു ജോൺ, ജോസ് മഴുവഞ്ചേരി, ഷൈജു ആന്റണി,
മാത്യു ജോസഫ്, ലിസി, ജോമോൻ, ബോബി ജോൺ, സൂരജ്, റിജു കാഞ്ഞൂക്കാരൻ, ജോമോൻ ടി.ജെ., ദേവസ്യ, വിജിലൻ ജോൺ, ടിജോ പടയാറ്റിൽ എന്നിവർ നേതൃത്വം നൽകും.