roro
ഫോർട്ട് കൊച്ചി​ റോറോ

ആഗസ്റ്റ് 18 മുതൽ നിരാഹാരം

കൊച്ചി: റോ റോ രണ്ടും തുടർച്ചയായി സർവീസ് നടത്താത്തപക്ഷം കൊച്ചി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ മരണം വരെ നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് ഫോർട്ട് വൈപ്പിൻ ജനകീയ കൂട്ടായ്മ അറിയിച്ചു.അഴിമുഖത്ത് ബോട്ടു മുങ്ങി 11 പേർ മരിച്ച ദുരന്തത്തിന്റെ നാലാം വാർഷിക ദിനമായ ആഗസ്റ്റ് 18 ന് നിരാഹാരം ആരംഭിക്കും.

രണ്ടു റോ റോ യും സർവീസ് നടത്തിയാൽ ഈ റൂട്ടിലുള്ള ബോട്ട് ഒഴിവാക്കാനാകും.അഞ്ചു ലക്ഷം രൂപ പ്രതിമാസം ലാഭിക്കാം.

കഴിഞ്ഞ വർഷം ഏപ്രിൽ 28 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്ത സർവീസ് ഒരു വർഷവും രണ്ടു മാസവും പിന്നിട്ടെങ്കിലും ഉദ്‌ഘാടന സമയത്തു പ്രഖ്യാപിച്ചതുപോലെ രണ്ടു റോ റോയും ഒന്നിച്ച് സർവീസ് നടത്താൻ കഴിഞ്ഞിട്ടില്ല. ഒരു റോ റോ രാവിലെ 6.30 മുതൽ രാത്രി 9.30 വരെയും രണ്ടാമത്തേത് ഉച്ചയ്‌ക്ക് 2 മുതൽ രാത്രി 8 വരെയുമാണ് സർവീസ് നടത്തുന്നത്.റോ റോയിൽ ഇടംപിടിക്കണമെങ്കിൽ ഫോർട്ടുകൊച്ചിയിലും വൈപ്പിനിലും വാഹനങ്ങൾ മണിക്കൂറുകളോളം കാത്തുകിടക്കേണ്ട അവസ്ഥയാണ്.

#കരാർ ഒപ്പിട്ടില്ല

കെ.എസ്.ഐ.എൻ.സിയ്ക്കാണ് ( കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ) റോ റോ സർവീസ് നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്. കരാറില്ലാതെയാണ് റോ റോ സർവീസ് നടത്തുന്നത് . കരാർ എത്രയും പെട്ടെന്ന് ഒപ്പിടണമെന്ന് കഴിഞ്ഞ ആഗസ്റ്റിൽ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും കെ.ടി.ജലീലും പങ്കെടുത്ത യോഗം നിർദ്ദേശം നൽകിയെങ്കിലും ഇതുവരെ നടപ്പായില്ല. മേയറും, ജില്ലയിലെ എം.എൽ.എമാരും അന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ കൗൺസിലുകളിൽ പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണിയും ഫോർട്ടുകൊച്ചി കൗൺസിലറായ ഷൈനി മാത്യുവും ഈ വിഷയം ഉന്നയിച്ചുവെങ്കിലും യുക്തമായ തീരുമാനമെടുക്കാൻ കഴിഞ്ഞില്ല. .

കരാറില്ലാത്തത് സർവീസ് നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുകയാണെന്ന് ചെയർമാൻ മജ്നു കോമത്ത്, ജനറൽ സെക്രട്ടറി ജോണി വൈപ്പിൻ എന്നിവർ പറഞ്ഞു.

പ്രധാന ആവശ്യങ്ങൾ

രണ്ടു റോ റോയും രാവലെ 6 മുതൽ രാത്രി 10 വരെ സർവീസ് നടത്തും

സുഗമമായ നടത്തിപ്പിനായി മൂന്നാമത് ഒരു റോ റോ കൂടി നിർമ്മിക്കുക

സർവീസ് നടത്തിപ്പുകാരായ കെ.എസ്.ഐ.എൻ.സിയുമായി കരാർ ഒപ്പുവയ്ക്കുക