പറവൂർ : ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ വീശിയടിച്ച കാറ്റ് ഏഴിക്കര പള്ളിയാക്കൽ ഭാഗത്തു നാശം വിതച്ചു. മാവേലി ബോണിയുടെ വീടിന്റെ മേൽക്കൂരയും വാർക്കയും തകർന്നു. മുകളിൽ ഇട്ടിരുന്ന ഷീറ്റുകളും ഘടിപ്പിച്ചിരുന്ന കോൺക്രീറ്റ് തൂണും പിഴുതെറിഞ്ഞു. ഇതു സമീപത്തെ വീടിന്റെ മുകളിലാണ് പതിച്ചത്. വീടിന്റെ ഭിത്തികൾക്കു പൊട്ടലുണ്ട്. സമീപത്ത് താമസിക്കുന്ന അനൂപ് എന്നയാളുടെ വീട്ടിലെ ഷീറ്റുകളും തകർന്നു. പ്രദേശത്തെ ഒട്ടേറെ വൃക്ഷങ്ങൾ കടപുഴകി വീണ് ചെറിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.