counselling

കൊച്ചി: മനസ് നിറഞ്ഞ് സങ്കടം പൊട്ടിയൊഴുകുമ്പോൾ അതൊന്ന് കാണാൻ ആരുമില്ലെന്ന തോന്നലാണ് പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്നത്. എന്നാൽ ഇനി ആ തോന്നൽ വേണ്ട. ആരുമില്ല എന്ന തോന്നലുണ്ടാകുമ്പോൾ "ചൈത്ര"ത്തിലേക്ക് ഒന്ന് ഡയൽ ചെയ്താൽ മാത്രം മതി. സങ്കടങ്ങൾ പറയാം. മനസ് നിറയെ സാന്ത്വനം തേടാം.

ആത്മഹത്യ ചെയ്താലോ എന്ന തോന്നൽ മാത്രമല്ല മദ്യം,മയക്കുമരുന്ന്, കുടുംബപ്രശ്നങ്ങൾ, ഭയം, ദേഷ്യം, വിഷാദം തുടങ്ങി നിങ്ങളെ അലട്ടുന്ന ഏതു പ്രശ്നവും കേൾക്കാൻ സാന്ത്വനപ്പെടുത്താൻ പരി​ഹാരം കാണാൻ ചൈത്രത്തിലെ സന്നദ്ധ പ്രവർത്തകർ ഉണ്ട്. ഒരു മുൻവിധികളുമില്ലാതെ അവർ നിങ്ങളെ ശ്രവിക്കും. നീണ്ട സംസാരത്തിനൊടുവിൽ പ്രതിസന്ധിയിൽ നിന്നു പുറത്തു കടക്കാനുള്ള വഴി ഓരോരുത്തരും സ്വയം കണ്ടെത്തും. ഇനി ഫോൺ സംഭാഷണം കൊണ്ട് ഉള്ളിലെ തീ കെട്ടടങ്ങില്ലെന്ന് തോന്നിയാൽ ചൈത്രത്തിലെത്തി നേരിൽ സംസാരിക്കാം. സേവനം പൂർണ്ണമായും സൗജന്യമാണ്.

ആശ്വാസ വാക്ക് നൽകാൻ ആരെങ്കിലുമുണ്ടെങ്കിൽ നിരവധി ആത്മഹത്യകൾ ഒഴിവാക്കാമെന്ന് എറണാകുളം ടി.ഡി.എം ഹാളിൽ പ്രവർത്തിക്കുന്ന ചൈത്രം ആത്മഹത്യ പ്രതിരോധ സെല്ലിന്റെ കൺവീനറായ ഡോ.വിജയലക്ഷ്മി മേനോൻ പറഞ്ഞു.എറണാകുളം കരയോഗത്തിന്റെ സേവന പദ്ധതിയുടെ ഭാഗമായാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്.

12 വർഷത്തെ പ്രവർത്തനകാലത്ത് ആയിരകണക്കിനാളുകൾക്ക് സാന്ത്വനമാകാൻ ചൈത്രത്തിന് കഴിഞ്ഞിട്ടുണ്ട്.വിവിധ പ്രായക്കാരായ 25 സന്നദ്ധ പ്രവർത്തകരാണ് ചൈത്രത്തിന്റെ കരുത്ത്. സൈക്കോളജി ബിരുദധാരികളും കൗൺലിംഗിൽ പരിശീലനം ലഭിച്ചവരുമാണ് പ്രവർത്തകർ. ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു വരെയാണ് പ്രവർത്തനസമയം.

ഫോണിലോ നേരിലോ പറയുന്ന വിവരങ്ങൾ പരമരഹസ്യമായി സൂക്ഷിക്കും. ആരെയും തിരിച്ചു വിളിക്കില്ലെന്നും വളന്റിയറായ ശ്രീധരൻ സാഗരൻ പറഞ്ഞു.

ഫോൺ :0484 2361161