eldhose-kunnappilli
പെരുമ്പാവൂർ ഗവ. ഗേൾസ് ഹൈസ്‌ക്കൂളിൽ കുട്ടികളുടെ ചിത്ര പ്രദർശനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ കാണുന്നു.

പെരുമ്പാവൂർ: പുതുതലമുറയും പ്രകൃതിയോടൊപ്പമെന്ന സന്ദേശം നൽകി പെരുമ്പാവൂരിൽ രണ്ടാമതും ചിത്രപ്പെയ്ത്ത്. നൂറോളം കുരുന്ന് ചിത്രകാരന്മാർ വേനലവധിക്ക് വരച്ച നാനൂറോളം ചിത്രങ്ങളുടെ പ്രദർശനമാണ് പെരുമ്പാവൂർ ഗവ. ഗേൾസ് ഹൈസ്‌കൂളിൽ നടന്നത്.ചിത്രങ്ങളിലധികവും പ്രകൃതിയോടുള്ള കുട്ടികളുടെ അഭിനിവേശം ഉൾക്കൊള്ളുന്നതായിരുന്നു. ചാർക്കോൾ മുതൽ അക്രിലിക് വരെയുള്ള വിവിധ ചിത്രകലാ മാദ്ധ്യമങ്ങൾ ഉപയോഗിച്ച് നാല് വയസ്സ് മുതൽ പതിമൂന്ന് വയസ്സ് വരെയുള്ള കുട്ടികൾ വരച്ച ചിത്രങ്ങളാണ് ഏകദിന പ്രദർശനത്തിൽ അവതരിപ്പിച്ചത്.
കേരള ലളിതകലാ അക്കാഡമിയുടെയും മറ്റും നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രകാരനും കാർട്ടൂണിസ്റ്റുമായ ഷാനവാസ് മുടിക്കലിന് കീഴിൽ പ്രത്യേകം പരിശീലനം നൽകിയാണ് കുട്ടികളെ ഇതിന് പ്രാപ്തരാക്കിയത്.

കേരള പ്രിന്റേഴ്സ് അസോസിയേഷൻ പെരുമ്പാവൂർ മേഖലയുടെയും ക്യാംസ് സ്‌കൂൾ ഓഫ് ആർട്സിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പ്രദർശനം അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള പ്രിന്റേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബിനു പോൾ അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര-കേരള ലളിതകലാഅക്കാഡമി അവാർഡ് ജേതാവ് ആർട്ടിസ്റ്റ് ജയേഷ് ബർസാത്തിയെ ചടങ്ങിൽ ആദരിച്ചു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ബോർഡംഗം ഇ.വി. നാരായണൻ, സാനു പി. ചെല്ലപ്പൻ, ബിനു. വി. മാത്യു, പി.ബി. ബിജു, ബെന്നി വർഗ്ഗീസ്, വിനോയി കെ.എം., പി.ബി. ദർശൻ, എം.ടി. ജയശങ്കർ, എ.എം. കുര്യൻ (ജീമോൻ), സി.കെ. അസീം, പൗലോസ് മാസ്റ്റർ, ജോബി സി.എം. തുടങ്ങിയവർ പ്രസംഗിച്ചു.