പറവൂർ : പറവൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ മനോഹര പ്രഭുവിന്റെ ഉടസ്ഥതയിലുള്ള അനധികൃത കെട്ടിടം ഡിസാസ്റ്റർ മാനേജുമെന്റ് ആക്ട് പ്രകാരം പൊളിച്ചു നീക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെടാൻ പറവൂർ താലൂക്ക് വികസന സമിതിയോഗം തിരുമാനിച്ചു. അനധികൃതവും പ്രാഥമിക സൗകര്യക്കുറവും വൃത്തിഹീനവുമായ ഇവിടെ അന്യസംസ്ഥാന തൊഴിലാളികളാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പും നഗരസഭയും ചേർന്ന് നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടാൻ ഉത്തരവ് നൽകിയിരുന്നു. താലൂക്കിലെ അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പും അവരുടെ ജീവിതരീതിയും അലോകനം ചെയ്യുന്നതിനായി പൊലീസ്, എക്സൈസ്, പഞ്ചായത്ത് സെക്രട്ടറിമാർ, ലേബർ ഡിപ്പാർട്ടുമെന്റ്, താലൂക്ക് വികസന സമിതി അംഗങ്ങൾ എന്നിവർ ചേർന്നുള്ള യോഗം തഹസിൽദാരുടെ അദ്ധ്യക്ഷതയിൽ രണ്ടാഴ്ചയ്ക്കുള്ളി വിളിക്കാനും തിരുമാനിച്ചു. സമിതി യോഗങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അഭാവമൂലം പല നിർണ്ണയ തീരുമാനങ്ങളും സ്വീകരിക്കുന്നതിന് തടസ്സമാകുന്നതായി. പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.