തൃക്കാക്കര : സർക്കാരിന്റെ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിപുതുക്കാനെത്തിയവർക്ക് തീരാദുരിതം.നഗര സഭയുടെ പ്രധാന ഗേറ്റിന് സമീപത്തായിരുന്നു ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പുതുക്കാൻ കൗണ്ടർ സജ്ജമാക്കിയിരുന്നത്.രാവിലെ എട്ടുമണിമുതൽ തന്നെ മഴയെ പോലും അവഗണിച്ച് ജനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു.പ്രായമായവരും സ്ത്രീകളും,കുട്ടികളും അടക്കമുളളവർ കാത്തിരുന്ന് വലഞ്ഞു.ഇവർക്ക് പ്രാഥമിക സൗകര്യം ഒരുക്കാൻ പോലും അധികൃതർ ശ്രദ്ധ ചെലുത്തിയില്ല.ഇന്നലെ അവധി ദിവസമായതിനാൽ തിരക്ക് മനസിലാക്കി കൂടുതൽ കൗണ്ടറുകൾ ഒരുക്കാൻ നഗരസഭ അധികൃതർക്ക് കഴിഞ്ഞില്ല. കുടുംബശ്രീ സി .ഡി .എസിനായിരുന്നു അടിസ്ഥാന സൗകര്യം ഒരുക്കാനുളള ചുമതല.മണിക്കുറുകൾ കാത്തിരിപ്പിനൊടുവിൽ പുതുക്കിയവർക്കാകട്ടെ അതിന്റെ രസീത് ലഭിക്കാൻ മൂന്ന് മണിക്കൂർ കാത്തിരിക്കേണ്ടിവന്നു.
ഓരോ കുടുംബങ്ങളുടെ വിവരങ്ങൾ സൈറ്റിൽ കയറ്റുമ്പോൾ ഉണ്ടാവുന്ന കാലതാമസവും,പ്രിന്ററിന്റെ അഭാവവും തിരിച്ചടിയായി.
ഇന്നലെ ആകെ 358 പേർ വന്നതിൽ 280 പേർക്ക് മാത്രമാണ് പുതുക്കാനായത്.പ്രതിഷേധത്തിനൊടുവിൽ നഗര സഭ സെക്രട്ടറി പി .എസ് ഷിബുവിന്റെ നിർദേശപ്രകാരം വൈകീട്ട് നാലുമണിയോടെ പുതുക്കാൻ സാധിക്കാതിരുന്ന 78 പേർക്ക് ടോക്കൺ കൊടുത്തു.ഈമാസം 10 ന് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ക്യാമ്പിൽ ഇവർക്ക് പങ്കെടുക്കാം.എന്നാൽ പുതുക്കിയവരിൽ നാല്പതോളം പേർക്ക് മാത്രമാണ് പ്രിന്റ് കൊടുക്കാനായത്.അവർക്കും അന്നേ ദിവസം സൗകര്യം ഒരുക്കും. അവധി ദിവസമായിട്ടും 43 കൗൺസിലർമാരിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം .എം നാസർ മാത്രമാണ് സ്ഥലത്തെത്തിയത്.