കൊച്ചി: ആഗസ്‌റ്റ് 31ന് നടക്കുന്ന പിറവം ബോട്ട് ലീഗ് മത്സരത്തിനായി വിവിധ പ്രാദേശിക കമ്മറ്റികൾ രൂപീകരിച്ചു. ബോട്ട് ലീഗ് മത്സരത്തിനോടനുബന്ധിച്ച് പ്രാദേശിക വള്ളംകളി സംഘടിപ്പിക്കാൻ അനൂപ് ജേക്കബ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി. പ്രാദേശിക വള്ളംകളിയുടെ നടത്തിപ്പിനായി വിവിധ പ്രാദേശിക ബോട്ട് ക്ലബുകളുമായി ചർച്ച നടത്തും.
ഈ മാസം 11ന് പ്രാദേശിക ബോട്ട് ക്ലബുകളുടെ യോഗം പിറവം വാട്ടർ അതോറിട്ടി റസ്റ്റ് ഹൗസിൽ ചേരും. അന്നേ ദിവസം വൈകീട്ട് നാല് മണിക്ക് വിവിധ പ്രാദേശിക കമ്മറ്റികളുടെ പ്രഥമയോഗം കൊള്ളിക്കൽ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ ചേരും. വള്ളംകളിയോടനുബന്ധിച്ച് ആഗസ്‌റ്റ് 30ന് പിറവത്ത് കാർഷികമേള സംഘടിപ്പിക്കും. സെപ്തംബർ രണ്ടിന് പിറവം നഗരസഭയുടെ അത്താഘോഷ പരിപാടികളും പിറവത്ത് നടക്കും. ലീഗ് മത്സരത്തോടനുബന്ധിച്ച് 11 പ്രാദേശിക കമ്മറ്റികളാണ് രൂപീകരിച്ചത്.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ്, ജില്ലാ പഞ്ചായത്തംഗം കെ.എൻ. സുഗതൻ, പിറവം നഗരസഭ ചെയർമാൻ സാബു.കെ.ജേക്കബ്, വൈസ് ചെയർപേഴ്സൺ അന്നമ്മ ഡോമി, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.