തൃക്കാക്കര : കണക്കിൽ കൃത്രിമം കാട്ടി ഭാരവാഹികൾ ലക്ഷങ്ങളുടെ തിരിമറി നടത്തിയെന്ന ആരോപണങ്ങളെ തുടർന്ന് വാഴക്കാലയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് തിരഞ്ഞെടുപ്പ് സംഘർഷത്തിലേക്ക്.
ചൊവ്വാഴ്ച പൊതുയോഗവും തെരഞ്ഞെടുപ്പും നടക്കാനിരിക്കെ വ്യാപാരികൾ രണ്ട് ചേരിയായി കടുത്ത പോരാട്ടത്തിലാണ്. രാവിലെ വാഴക്കാല പാപ്പാളി ഹാളിലെ ചടങ്ങുകൾക്ക് പൊലീസ് സംരക്ഷണവും തേടിയിട്ടുണ്ട്.
യൂണിറ്റ് പ്രസിഡന്റിനെതിരെയാണ് ആരോപണങ്ങളുടെ ശരവർഷം. കുറെ നാളുകളായി സംഘടനയിൽ പുകയുന്ന പ്രശ്നമാണിത്. 500 പേരാണ് സംഘടനയിലുള്ളത്.
2013മുതൽ പരസ്പര സഹായ നിധി അടക്കം പിരിച്ചെടുത്ത 85 ലക്ഷം രൂപ കണക്കിൽ ഇല്ലെന്ന് ഒരു വിഭാഗം പറയുന്നു. കാണാതായ തുക തിരിച്ചടക്കാതെ യോഗം നടത്തില്ലെന്ന നിലപാടിലാണ് വ്യാപാരികൾ.
2013 മുതൽ സംഘടനയുടെ പ്രസിഡന്റ ബാദുഷ ബ്ലായ്സാണ്. പ്രശ്നങ്ങൾ രമ്യതയിൽ തീർക്കാൻ ജില്ലാ-സംസ്ഥാന നേതാക്കൾ ഇടപെട്ട് ഓഡിറ്ററെ നിയമിക്കുകയും ചെയ്തതാണ്. ഓഡിറ്റ് റിപ്പോർട്ടിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയതായാണ് സൂചന. നേരത്തേ പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന യോഗവും സംഘർഷത്തിൽ കലാശിച്ചിരുന്നു.