കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭരണകാര്യങ്ങൾ സത്യസന്ധവും സുതാര്യവുമാക്കാൻ അതിരൂപതയിൽപ്പെട്ട സ്വതന്ത്ര അധികാരമുള്ള അഡ്‌മിനിസ്‌ട്രേറ്റീവ് ആർച്ച്ബിഷപ്പിനെ നിയമിക്കണമെന്ന് അല്‌മായ പ്രതിനിധി യോഗം ആവശ്യപ്പെട്ടു. അല‌്‌മായർക്ക് ഭരണ നിർവ്വഹണകാര്യങ്ങളിൽ തീരുമാനമെടുക്കുന്ന സമിതികളിൽ പ്രാതിനിധ്യം ഉറപ്പുവരുത്തണം.ഭൂമി കച്ചവടത്തിൽ കുറ്റക്കാരായ മുഴുവൻ വ്യക്തികളെയും സഭാ നിയമവും സിവിൽ നിയമവും അനുസരിച്ച് ശിക്ഷണ നടപടികൾക്ക് വിധേയമാക്കണം. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട വിവിധ അന്വേഷണ റിപ്പോർട്ടുകൾ പരസ്യപ്പെടുത്തണം.സഹായമെത്രാൻമാരെ പുറത്താക്കിയതിൽ പ്രതിഷേധിക്കുന്നതായും പ്രമേയത്തിൽ പറയുന്നു.

കലൂർ റിന്യൂവൽ സെന്ററിൽ നടന്ന യോഗത്തിൽ നൂറുക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. പാസ്‌റ്ററൽ കൗൺസിൽ സെക്രട്ടറി പി.പി.ജറാദ് അദ്ധ്യക്ഷത വഹിച്ചു. മുൻ പാസ്‌റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. ബിനു ജോൺ മൂലൻ, പ്രൊഫ. ജോസ് മഴുവൻഞ്ചേരി, ഷൈജു ആന്റണി, മാത്യു കരോണ്ടുകടവൻ, സൂരജ് പൗലോസ്, ലിസി തോമസ്, ജോമോൻ തോട്ടപ്പിള്ളി, റിജു കാഞ്ഞൂക്കാരൻ എന്നിവർ പ്രസംഗിച്ചു.