ആലുവ: യാത്രക്കാർ പെരുവഴിയിലായിട്ടും ആലുവ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ പൊളിക്കുന്ന പ്രവർത്തനത്തിന് വേഗതയില്ല. പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പഴക്കട വ്യാപാരി ഒഴിയാത്തതാണ് കെട്ടിടം പൊളിക്കൽ മന്ദഗതിയിലാകാൻ മുഖ്യകാരണം.

ഇതിലാണ് വ്യാപാരശാല പ്രവർത്തിക്കുന്നത്. പദ്ധതിയെ തടസ്സപ്പെടുത്താതെ വ്യാപാരിയോട് ഒഴിയാൻ കോടതി നിർദേശിക്കുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി. കെട്ടിടം പാതിയിലധികം പൊളിച്ചതിനാൽ ഡിപ്പോയുടെ അകത്തുനിന്ന് കുറച്ചു ബസുകൾ സർവീസ് ആരംഭിച്ചത് യാത്രക്കാർക്ക് ചെറിയ ആശ്വാസമാണ്. ആലുവയിൽ നിന്ന് പുറപ്പെടുന്ന ചേർത്തല, പറവൂർ, കാക്കനാട് ഓർഡിനറികൾ, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളാണ് സ്റ്റാൻഡിനകത്ത് സർവീസ് ആരംഭിക്കുന്നത്.

മറ്റ് ഡിപ്പോകളിലെ ബസുകൾ സ്റ്റാൻഡിന് മുന്നിലുള്ള റോഡിലൂടെയാണ് കടന്ന് പോകുന്നത്. കോതമംഗലം ബസുകൾ പമ്പ് കവല വഴി പോകുന്നു. രാത്രി 7 മണി വരെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ദേശീയ പാത വഴി പോകുകയാണ്. അതുകൂടാതെ സ്റ്റാൻഡിനകത്ത് ബി.എസ്.എൻ.എൽ. ടവർ സ്ഥാപിച്ചിട്ടുണ്ട്. സ്റ്റാൻഡിൽ നിന്നും ഭാഗികമായി സർവീസ് ആരംഭിച്ചെങ്കിലും ഇൻഫർമേഷൻ ബൂത്ത് നിർത്തിതിയത് ദീർഘദൂര യാത്രക്കാരെ വലയ്ക്കുന്നുണ്ട്.

#കെട്ടിടത്തിന്റെ 30 ശതമാനം കൂടി പൊളിക്കാനുണ്ട്.

#വ്യാപാരിയുടെ കേസ് 10 ന്

വാടക കൂട്ടിയതിനെതിരെ വ്യാപാരി കെ.എസ്.ആർ.ടി.സിക്കെതിരെ നൽകിയ ഹർജി ബുധനാഴ്ച പരിഗണിക്കും.

#കള്ളൻമാരുടെ ശല്യവും

കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിലെ പൊളിച്ചകെട്ടിടത്തിലെ കമ്പികൾ മോഷ്ടിക്കാൻ രാത്രികാലങ്ങളിൽ കള്ളന്മാർ എത്തുന്നത് അധികൃതർക്ക് തലവേദനയായി. വളപ്പിനകത്ത് ഒരു സെക്യൂരിറ്റി മാത്രമാണ് ഉള്ളത്.