മൂവാറ്റുപുഴ: മഴയോടൊപ്പം വന്ന കാറ്റിൽ വൈദ്യുതി മേഖലയിൽ വ്യാപകനാശം. മരങ്ങൾ വീണും പോസ്റ്റ് ഒടിഞ്ഞും കമ്പികൾ പൊട്ടിയുമാണ് നാശമുണ്ടായത്. മൂവാറ്റുപുഴ നഗരത്തിലെ മാർക്കറ്റ് ബസ് സ്റ്റാൻഡിന് സമീപം വൈദ്യുതിലൈനി​ലേക്ക് തെങ്ങ് വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. പായിപ്ര പഞ്ചായത്തിലെ മുളവൂർ മേഖലയിലെ അമ്പഴച്ചാലിപ്പടി, എടയ്ക്കാട്ടുകുടി, ജോൺപടി, കുരുവിനാംപാറ, പള്ളിപ്പടി, കാരക്കുന്നം, പുന്നമറ്റം, തൃക്കളത്തൂർ സൊസൈറ്റിപ്പടി, വാളകം പഞ്ചായത്തിലെ കുന്നയ്ക്കാൽ, റാക്കാട് എന്നിവിടങ്ങളിൽ തേക്ക്, തെങ്ങ്, അടയ്ക്കാമരം ഉൾപ്പെടെയുള്ള മരങ്ങളും ശിഖരങ്ങളും വീണ് വൈദ്യുതിലൈൻ പൊട്ടി. പോസ്റ്റുകൾ ഒടിഞ്ഞു. ഇതോടെ പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. വൈകിട്ട്ആറി​ന് ഭാഗികമായി വൈദ്യുതി പുനഃരാരംഭിച്ചെങ്കിലും പോസ്റ്റുകൾ ഒടിഞ്ഞ സ്ഥലങ്ങളിൽ ഇന്ന് മാത്രമേ വൈദ്യുതി പുനഃരാരംഭിക്കുകയുള്ള. ഞായറാഴ്ച അവധിദിവസമായതിനാൽ വൈദ്യുതി ഓഫീസുകളിൽ ലൈൻമാരുടെ അഭാവം ഏറൈ ബുദ്ധി​മുട്ടുണ്ടാക്കി. ജീവനക്കാരെ വിളിച്ചുവരുത്തിയാണ് പല സ്ഥലങ്ങളിലും തകരാറുകൾ പരിഹരിച്ചത്.