മൂവാറ്റുപുഴ: ആശ്രമം ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് സാമൂഹിക വിരുദ്ധർ താവളമാക്കുന്നു. ഇന്നലെ പൊലീസ് എയ്ഡ് പോസ്റ്റിനകത്തെ കസേരകളും മറ്റും മദ്യപസംഘം തല്ലിത്തകർത്തു. ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച ബസ് സ്റ്റാൻഡ് മദ്യപസംഘങ്ങളും സാമൂഹിക വിരുദ്ധരുമാണ് പ്രയോജനപ്പെടുത്തുന്നത്.സ്ത്രീകൾക്കുള്ള ഇരിപ്പിടങ്ങൾ ഇവർകൈയടക്കിയിരിക്കുകയാണെന്ന ആക്ഷേപമുണ്ട്. പകൽസമയത്തു പോലും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഉപദ്രവങ്ങളുണ്ടാകുന്നു..
ടോയ്ലറ്റുകളും സാമൂഹിക വിരുദ്ധർ വൃത്തികേടാക്കി. ബസ് സ്റ്റാൻഡിൽ എയ്ഡ് പോസ്റ്റുണ്ടെങ്കിലും പൊലീസ് ഇവിടെ എത്താറില്ല. യാത്രക്കാരും ബസ് ജീവനക്കാരും പലവട്ടം പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുക്കാത്തതാണു പ്രശ്‌നങ്ങൾ രൂക്ഷമാകാൻ കാരണം. ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനക്ഷമമാക്കണമെന്നും സാമൂഹിക വിരുദ്ധർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മൂവാറ്റുപുഴ മേഖല പൗരസമിതി നഗരസഭയ്ക്ക് നിവേദനം നൽകി.