കൊച്ചി : കണ്ടെയ്‌നർ ടെർമിനൽ റോഡ് കുരുതിക്കളമാകുന്നത് ഒഴിവാക്കാൻ പാതയോരത്ത് ഹെവി വാഹനങ്ങളുടെ പാർക്കിംഗ് തടയണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. പച്ചാളം സ്വദേശി ജോർജ് എബ്രഹാം നൽകിയ ഹർജിയിൽ സർക്കാരിനു പുറമേ ജില്ലാ കളക്ടർ, ആർ.ടി.ഒ, മുളവുകാട് എസ്.ഐ, ദേശീയപാത അതോറിറ്റി ഒഫ് ഇന്ത്യയുടെ പ്രൊജക്‌ട് ഒാഫീസർ എന്നിവർക്ക് നോട്ടീസ് നൽകാനും ഹൈക്കോടതി നിർദ്ദേശിച്ചു.

 ഹർജിയിലെ പരാതികൾ

കളമശേരിയിൽ നിന്ന് വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ വരെയുള്ള എൻ.എച്ച് 966 എ കഴിഞ്ഞ കുറേ വർഷമായി അപകട മേഖലയാണ്. 2016 ൽ അപകടങ്ങൾ പെരുകിയതോടെ പാർക്കിംഗ് തടയാൻ നടപടിയെടുത്തിരുന്നു. ഇതുമൂലം അപകടങ്ങൾ കുറഞ്ഞു. എന്നാൽ വീണ്ടും അനധികൃത പാർക്കിംഗ് തുടങ്ങി. പാതയോരത്ത് വലിയ ട്രക്കുകളും കണ്ടെയ്നറുകളും അനധികൃതമായി പാർക്ക് ചെയ്യുന്നത് സുഗമമായ ഗതാഗതത്തിന് തടസമാകുന്നു. അനധികൃതമായി പാർക്ക് ചെയ്യുന്ന ഹെവി വാഹനങ്ങളുടെ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ പ്രാഥമിക കൃത്യങ്ങൾ പാതയോരത്തു നിർവഹിക്കുന്നു. പൊന്നാരിമംഗലത്തെ ടോൾ പ്ളാസയോടു ചേർന്നുള്ള കക്കൂസ് കോംപ്ളക്സ് ഉപയോഗിക്കുന്നില്ല. ഇതിന്റെ പരിസരവും അനധികൃത പാർക്കിംഗുകാർ കൈയടക്കി. മുളവുകാട് പൊലീസ് ഇവർക്കെതിരെ നടപടിയെടുക്കുന്നില്ല. കക്കൂസ് കോംപ്ളക്സിനു സമീപത്തെ അനധികൃത പാർക്കിംഗ് നിമിത്തം മറ്റു യാത്രക്കാർക്ക് ഇവ ഉപയോഗിക്കാനും കഴിയുന്നില്ല. പാതയോരത്തെ മാലിന്യങ്ങളുടെ ദുർഗന്ധവും യാത്ര ദുഷ്കരമാക്കുന്നു.

 ദേശീയപാത 966 എ

ദൂരം - 15 കിലോമീറ്റർ

 2016

അപകടങ്ങൾ - 58

മരണം - 6

പരിക്കേറ്റവർ - 64

 2017

അപകടങ്ങൾ - 40

മരണം - 1

 2018

അപകടങ്ങൾ - 10

പരിക്കേറ്റവർ - 7

മരണം - 1

 ഹൈക്കോടതി പറഞ്ഞിട്ടുണ്ട്

പ്രധാന പാതകളിൽ അപകടമൊഴിവാക്കാൻ വാഹനങ്ങൾ പാതയോരത്തു പാർക്കു ചെയ്യുന്നത് തടയേണ്ടത് സർക്കാരിന്റെ കടമയാണ്. (2008 ലെ ഇ.ടി. റോസ് ലിൻഡ കേസിൽ)