നെടുമ്പാശേരി: വിസ തട്ടിപ്പിനിരയായി വിദേശത്ത് ജയിൽവാസം കഴിഞ്ഞെത്തുവർ പാസ്പോർട്ട് കൃത്രിമത്തിന്റെ പേരിൽ നാട്ടിലും ജയിലിലാകുന്ന സംഭവങ്ങൾ ഏറുന്നു.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ തട്ടിപ്പിനിരയായി മലേഷ്യയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ മടങ്ങിയെത്തിയവർ അഞ്ച് പേർ. മലേഷ്യയിൽ ജയിൽവാസം കഴിഞ്ഞെത്തിയ ഇതര സംസ്ഥാനക്കാരാണിവർ. വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച കുറ്റത്തിനാണ് ഇവർ റിമാൻഡിലാകുന്നത്.
ഉയർന്ന ശമ്പളവും ജോലിയും വാഗ്ദാനം ചെയ്ത് ആളുകളെ വലയിലാക്കി വിസിറ്റിംഗ് വിസയിലാണ് ഇവരെ വിദേശത്തേക്ക് കയറ്റി വിടുന്നത്. വൻ തുക പ്രതിഫലവും വാങ്ങും. സന്ദർശക വിസക്കാർക്ക് വിദേശത്ത് ജോലിക്ക് ചെയ്യാനാവില്ല. ഇങ്ങിനെ എത്തുന്നവർ ജോലി കിട്ടിയാൽ നാട്ടിലേക്ക് മടങ്ങി തൊഴിൽ വിസയിൽ തിരിച്ചെത്തണം.
വിദേശത്ത് എത്തിയ ശേഷം മൂന്ന് മാസത്തിനകം എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞാണ് പറ്റിക്കൽ. വിദേശ ഏജന്റ് ഇവരുടെ പാസ്പോർട്ടും കൈക്കലാക്കി ഇവർ ഇന്ത്യയിലേക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്തേക്കോ പോയി മടങ്ങി വന്നതായി വ്യാജ സീൽ പതിപ്പിച്ച് തിരിച്ചു നൽകും. ഇതിനും പണം ഈടാക്കും. പരിശോധനയിൽ പിടിക്കപ്പെട്ടാൽ വിദേശത്ത് ജയിലിൽ കഴിയേണ്ടി വരും. ഈ പാസ്പോർട്ടുമായി ഇന്ത്യയിലെത്തുമ്പോഴും കുടുങ്ങും. അങ്ങിനെ നാട്ടിലെ ജയിലിലും കഴിയേണ്ടി വരും.
നെടുമ്പാശേരിയിൽ പിടിക്കപ്പെട്ടത് നാല് ഉത്തർപ്രദേശുകാരും ഒരു പഞ്ചാബ് സ്വദേശിയുമാണ്. നെടുമ്പാശേരി പൊലീസിന് കൈമാറിയ ഇവരെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നാട് കടത്തുമ്പോൾ ഇന്ത്യയിലേക്കുള്ള വിമാനക്കൂലി ഏറ്റവും കുറഞ്ഞ വിമാനത്താവളം എന്ന നിലയിലാണ് നെടുമ്പാശേരിയിലേയ്ക്ക് അയക്കുന്നത്. മൂന്ന് മാസത്തിലധികം ഇവർ മലേഷ്യൻ ജയിലിൽ കഴിയേണ്ടിവന്നു.
ഡൽഹി കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പുകൾ പ്രധാനമായും അരങ്ങേറുന്നത്. മടങ്ങിയെത്തുന്നവർ ഏത് വിമാനത്താവളത്തിലാണോ എത്തുന്നത് അവിടെ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കുമെങ്കിലും അന്വേഷണം ഒരിക്കൽ പോലും തട്ടിപ്പ് സംഘത്തിലേക്ക് എത്താറില്ല. അത് തന്നെയാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ ഓരോ ദിവസവും വർദ്ധിക്കാൻ ഇടയാക്കുന്നതും.