കൊച്ചി: അനുരഞ്ജന ചർച്ചകളിലൂടെ സഭാ തർക്കം പരിഹരിക്കാൻ ഓർത്തഡോക്‌സ് വിഭാഗം തയ്യാറാകണമെന്ന് യാക്കോബായ വിഭാഗ നേതൃത്വം പത്രസമ്മേളനത്തിൽ പറഞ്ഞു. സർക്കാരും പാത്രിയാർക്കീസ് ബാവയും നടത്തുന്ന മദ്ധ്യസ്ഥശ്രമങ്ങളോട് സഹകരിക്കണം. സുപ്രീംകോടതി വിധിയുട‌െ പകർപ്പ് ലഭിക്കുന്നതിന് മുമ്പേ തെറ്റായ കാര്യങ്ങൾ നിരത്തി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഓർത്തഡോക്സ് വിഭാഗം ശ്രമിച്ചത്. ആശയക്കുഴപ്പമുണ്ടാക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർഭാഗ്യകരമാണ്. യാക്കോബായ സഭയുടെ പള്ളികളും ശ്മശാനങ്ങളും പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മൃതദേഹങ്ങൾ വച്ച് വിലപേശുന്നു. പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ സഭയെ തകർക്കാൻ ശ്രമിക്കുകയാണ്. ആരെയും വെല്ലുവിളിക്കാൻ യാക്കാേബായ വിഭാഗം തയ്യാറല്ല. കോടതി വിധികൾ അംഗീകരിച്ച് പള്ളികൾ വിട്ടുകൊടുത്തിട്ടുള്ളവരാണ് യാക്കോബായ വിശ്വാസികൾ. എന്നാൽ, ചില വിധികൾ തെറ്റായി വ്യാഖ്യാനിച്ച് മൃതദേഹം സംസ്‌കരിക്കാൻ പോലും ഓർത്തഡോക്സ് വിഭാഗം സമ്മതിക്കുന്നില്ല. നീതി നിഷേധിച്ചുകൊണ്ടുള്ള വിധികളാണ് പുറത്തുവരുന്നതെന്നും മെത്രാപ്പൊലീത്തമാരായ ഡോ. കുര്യാക്കോസ് മാർ തിയോഫിലോസ്, ഡോ. എബ്രഹാം മാർ സവാരിയോസ്, ജോസഫ് മാർ ഗ്രിഗോറിയോസ്, തോമസ് മാർ തിമോത്തിയോസ് എന്നിവർ പറഞ്ഞു.