vyapari
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് കുറുമശേരി യൂണിറ്റ് വാർഷികം ജില്ലാ പ്രസിഡന്റ് സുബൈദ നാസർ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ജനങ്ങൾക്ക് ഏറെ സുരക്ഷിതത്വമൊരുക്കിയിരുന്ന സി.സി ടി.വി കാമറകൾ പുന:സ്ഥാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിംഗ് കുറുമശേരി യൂണിറ്റ് വാർഷികം ആവശ്യപ്പെട്ടു. കുറുമശേരിയിലും സമീപപ്രദേശങ്ങളിലും കടകളിലും മോഷണശ്രമവും സാമൂഹ്യവിരുദ്ധരുടെ ശല്യവും കൂടിയതിനാൽ ചെങ്ങമനാട് പൊലീസിന്റെ അഭ്യർത്ഥനയെ തുടർന്നാണ് കുറുമശേരി യൂണിറ്റ് ഒരു ലക്ഷം രൂപയോളം ചെലവഴിച്ച് കാമറകൾ സ്ഥാപിച്ചത്. നിലവിൽ പ്രവർത്തനരഹിതമായിരിക്കുന്ന കാമറകളുടെ കേടുപാടുകൾ പരിഹരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോടും പൊലീസിനോടും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സുബൈദ നാസർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശാന്ത അപ്പു അദ്ധ്യക്ഷത വഹിച്ചു.

ബിസിനസ് രംഗത്തുള്ള നാൽപത് വനിതകളെ പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ ആദരിച്ചു. കെ.വി.വി.ഇ.എസ് യൂണിറ്റ് പ്രസിഡന്റ് എം.വി. മനോഹരൻ, പി.വി. സാജു, എ.ജി. ശശിധരൻ, പി.ജി. ശശിധരൻ, ജോജി പീറ്റർ, സി.പി. തരിയൻ, ജിഷ ശ്യാം, എൽസി മാത്യു തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി ശാന്ത അപ്പു (പ്രസിഡന്റ്), എൽസി മാത്യു, ജിഷ ശ്യാം (വൈസ് പ്രസിഡന്റുമാർ), ശബാന രാജേഷ് (ജനറൽ സെക്രട്ടറി), റെജി വൽസൻ, ജിനി സതീശൻ (ജോയിന്റ് സെക്രട്ടറിമാർ ), സീത സുധാകരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.