കൊച്ചി: ട്രാഫിക് പൊലീസ് ഒന്നു ശ്രദ്ധിക്കണേ. എം.ജി. റോഡിൽ വുഡ്‌ലാൻഡ്സ് ജംഗ്ഷനിൽ വാഹനങ്ങൾ ഇടിയോടിടിയാണ്. രണ്ടു മാസത്തിനിടെ 50 ലധികം വാഹനാപകടങ്ങൾ. ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യാത്തതിനാൽ പൊലീസ് അറിഞ്ഞില്ലെന്ന് മാത്രം. ഒരപകടത്തിൽ ഒരാൾ മരിക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മൂന്നു സ്‌ത്രീകൾ ചികിത്സയിലാണ്.
നിയന്ത്രണമില്ല, തലങ്ങും വിലങ്ങും വാഹനങ്ങൾ
മെട്രോ നിർമ്മാണം കഴിഞ്ഞപ്പോൾ റോഡ് സൂപ്പർ. സിഗ്നൽ ഇല്ലാത്ത സ്ഥലങ്ങളിൽ ബൈറോഡിൽ നിന്ന് പ്രധാന റോഡ് ക്രോസ് ചെയ്യാൻ അനുവദിച്ചിരുന്നില്ല. അൽപ്പം കൂടി മുന്നോട്ടു പോയി യു ടേൺ എടുക്കുന്നതാണ് രീതി. എന്നാൽ, വുഡ്ലാൻസ് ജംഗ്‌ഷനിൽ ഈ രീതി നടപ്പാക്കിയിട്ടില്ല. ജസ്‌റ്റിസ് കോശി അവന്യു റോഡിൽ നിന്ന് വാഹനങ്ങൾ എം.ജി.റോഡിലെ നാലുവരിപ്പാതയിലൂടെ ഒരു നിയന്ത്രണവുമില്ലാതെ കടക്കുകയാണ്. മെട്രോ തൂണുകളുടെ മറവുള്ളതിനാൽ കോശി അവന്യൂ റോഡ്. എസ്.ആർ.വി റോഡ് എന്നിവിടങ്ങളിൽ നിന്നും വാഹനം ക്രോസു ചെയ്യുമ്പോൾ എം.ജി.റോഡിലൂടെ വാഹനങ്ങൾ പാഞ്ഞുവരുന്നത് സുഗമമായി കാണാനും കഴിയില്ല.റോഡ് മുറിച്ചു കടക്കുന്ന ഭാഗത്ത് മെട്രോയുടെ രണ്ടു തൂണുകൾ തമ്മിലുള്ള അകലമുണ്ട്. അതിനാൽ വാഹനങ്ങൾ തലങ്ങും വിലങ്ങും കുത്തിക്കയറ്റും. യു ടേണുകളും എടുക്കുന്നുണ്ട്. ഒരു നിയന്ത്രണവുമില്ലാത്തതിനാൽ അപകടം തുടർക്കഥയാകുകയാണ്.
പൊലീസുകാരനുണ്ടെങ്കിൽ നോ പ്രോബ്ളം
മെട്രോ നിർമ്മാണത്തിന് മുമ്പ് വുഡ്ലാൻഡ്സ് ജംഗ്‌ഷനിൽ ഒരു ക്‌ളോക്ക് ടവറും വാഹനങ്ങൾ ജാഗ്രത പുലർത്താൻ ടവറിന് മുകളിൽ സദാസമയവും മിന്നുന്ന മഞ്ഞ ലൈറ്റുമുണ്ടായിരുന്നു. കൂടാതെ പകൽസമയങ്ങളിൽ ട്രാഫിക് നിയന്ത്രണത്തിന് പൊലീസുകാരനെയും നിയോഗിച്ചിരുന്നു. ഈ സംവിധാനങ്ങളൊന്നും ഇപ്പോഴില്ല.
സിഗ്‌നൽ സംവിധാനം
കെ.പി.സി.സി ജംഗ്‌ഷനിലും ജോസ് ജംഗ്‌ഷനിലും നിലവിൽ സിഗ്‌നൽ സംവിധാനങ്ങളുണ്ട്. 500 മീറ്റർ മാത്രം ദൂരമുള്ള ഈ ഭാഗത്ത് ഇനി ഒരു സിഗ്‌നൽ സംവിധാനം കൂടി പ്രായോഗികമല്ല. കോശി അവന്യു റോഡിൽ നിന്ന് നേരിട്ടുള്ള പ്രവേശനം ഒഴിവാക്കി യു ടേൺ സംവിധാനം ഏർപ്പെടുത്തിയാൽ അപകടങ്ങൾ ഒഴിവാക്കാം.
എന്തു ചെയ്യാനാകുമെന്ന് ആലോചിക്കും
വുഡ്‌ലാൻഡ്സ് ജംഗ്‌ഷനിലെ തുടർച്ചയായ അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്ഥലം പരിശോധിച്ച് ചെയ്യാൻ പറ്റുന്നത് അടുത്ത ദിവസം തന്നെ ചെയ്യും. അപകടങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം.
ഇബ്രാഹിം
സർക്കിൾ ഇൻസ്‌പെക്‌ടർ
കൊച്ചി സിറ്റി ട്രാഫിക്, വെസ്‌റ്റ്